
ആലുവ: യോഗയിലൂടെ ജീവിതശൈലി രോഗങ്ങളെ പടിക്കുപുറത്താക്കിയ ആനി ആന്റണി രണ്ടു പതിറ്റാണ്ടിനിടെ തന്റെ വഴിയിലേക്ക് നടത്തിയത് വലിയ സംഘത്തെ. 22 വർഷത്തിനിടെ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ആനി യോഗ പരിശീലനം നൽകിക്കഴിഞ്ഞു.
ജീവിതശൈലി രോഗങ്ങൾക്ക് ശരിക്കുള്ള പ്രതിവിധിയാണെന്ന അനുഭവമാണ് ആലുവ തായിക്കാട്ടുകര ഉറുമ്പത്ത് വീട്ടിൽ ആന്റണിയുടെ ഭാര്യ ആനിയെ യോഗയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്.
കടുത്ത ആസ്ത്മയ്ക്ക് പ്രതിവിധിയായി ആനിയോട് ഒരു ഡോക്ടർ നിർദ്ദേശിച്ചതാണ് യോഗ. തുടർന്ന് ആലുവയിൽ യോഗാചര്യൻ ചിദംബരനാഥ് നടത്തിയ ക്ലാസിൽ അംഗമായി. രോഗാവസ്ഥയിൽ നിന്ന് യോഗ മോചനം നൽകിയതോടെ കൂടുതൽ പഠിക്കാനുള്ള ശ്രമം ആരംഭിച്ചു. ഡിപ്ലോമ കോഴ്‌സും അണ്ണാമല യൂണിവേഴ്‌സിറ്റിയിൽ നിന്ന് യോഗയിൽ എം.എസ്.സിയും സ്വന്തമാക്കി. ആലുവ യു.സി, സെന്റ് സേവ്യേഴ്‌സ്, പെരുമ്പാവൂർ മാർത്തോമ കോളേജ്, തേവര എസ്.എച്ച് തുടങ്ങിയ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നൽകിയിട്ടുണ്ട്.
കൊവിഡ് കാലത്ത് പരിശീലനം ഓൺലൈനിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലായി പ്രായഭേദമന്യേ ശിക്ഷ്യരുണ്ട്. ചാലക്കുടിയിലെ ഒരു കോളേജിൽ അദ്ധ്യാപികയായും സേവനം അനുഷ്ഠിച്ചു. ഭർത്താവ് ആന്റണി കെ.എസ്.ആർ.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടറായി വിരമിച്ചു. മക്കൾ മൂന്നുപേരും വിദേശത്ത് എൻജിനീയർമാരാണ്. ജോലിയിലെ പിരിമുറുക്കം മാറ്റാൻ മക്കളും യോഗയെ ആശ്രയിക്കുന്നു. വിദ്യാർത്ഥികളിൽ ഏകാഗ്രത വർദ്ധിപ്പിക്കാനും തൊഴിൽ സമ്മർദ്ദം കുറയ്ക്കാനും യോഗ സഹായിക്കുമെന്ന് ആനിയുടെ കുടുംബാംഗങ്ങളും സാക്ഷ്യപ്പെടുത്തുന്നു.