നെടുമ്പാശേരി: എളവൂർ ശ്രീ പീച്ചേലിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദാരുബിംബ പ്രതിഷ്ഠാ മഹോത്സവം ജൂലായ് നാല് മുതൽ ഒമ്പത് വരെയും ദേവിഭാഗവത നവാഹം - ദർശന സത്രം ജൂൺ 30 മുതൽ ജൂലായ് ഒമ്പത് വരെയും നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി. ജയകൃഷ്ണൻ, പ്രതിഷ്ഠാ മഹോത്സവ കമ്മിറ്റി ചെയർമാൻ എം.വി. രാധാകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഒന്നര ഏക്കർ സ്ഥലത്ത് ഒന്നേകാൽ കോടി രൂപ ചെലവഴിച്ചാണ് മേൽക്കൂര ഉൾപ്പെടെ പൂർണമായും കരിങ്കല്ല് ഉപയോഗിച്ച് പുതിയ ക്ഷേത്രം നിർമ്മിക്കുന്നത്. ഊരാൺമ ദേവസ്വത്തിന്റെ ഉടമസ്ഥതയിലായിരുന്ന, നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്ഷേത്രം നാട്ടുകാരുടെ നേതൃത്വത്തിലെ ട്രസ്റ്റിന് കൈമാറിയതോടെയാണ് പുനരുദ്ധാരണം ആരംഭിച്ചത്. ക്ഷേത്രത്തിലെ ഭദ്രകാളി വിഗ്രഹം നിലവിലുണ്ടായിരുന്നത് പോലെ വരിക്കപ്ലാവിന്റെ കാതൽ ഭാഗം ഉപയോഗിച്ച് നിർമ്മിച്ചാണ് പുനഃപ്രതിഷ്ഠിക്കുന്നത്. ക്ഷേത്ര സ്ഥപതി ഒല്ലൂർ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും ദാരുവിഗ്രഹം നിർമ്മിക്കുന്നത് ശിൽപ്പി നന്ത്യാട്ടുകുന്നം രാധാകൃഷ്ണനുമാണ്. പ്രതിഷ്ഠാ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കാശംകോട്ടത്ത് നാരായണൻ നമ്പൂതിരിയും ഭാഗവത സത്രത്തിന് ശ്രീകണ്‌ഠേശ്വരം സോമവാര്യരും മുഖ്യകാർമ്മികത്വം വഹിക്കും.
എല്ലാ ദിവസവും പ്രഭാഷണങ്ങൾ, സംവാദങ്ങൾ എന്നിവ നടക്കും. ക്ഷേത്ര സമർപ്പണ സമ്മേളനത്തിൽ മുൻ ഡി.ജി.പി ടി.പി. സെൻകുമാർ മുഖ്യാതിഥിയാവും. ആർ.വി. രഘുനാഥ്, എ.എൻ. രാജേഷ്, എ.ആർ. രഞ്ജിത്ത്, കെ.വി. വേണുഗോപാൽ, കെ.എ. ചന്ദ്രൻ, പി.എൻ. സതീശൻ, എം.എ. അരവിന്ദൻ, കൃഷ്ണ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.