കൊച്ചി: ഞായറാഴ്‌ച സർവീസ് മുടക്കുന്ന ബസുകളുടെ കണക്കുമായി ഗതാഗതവകുപ്പ്. സ്വകാര്യ ബസുകൾ സർവീസുകൾ മുടക്കുന്നുവെന്നും ഞായറാഴ്ച സർവീസ് വലിയതോതിൽ നിലച്ചെന്നുമുള്ള പരാതി വ്യാപകമായതിനെ തുടർന്ന് ജില്ലയിൽ നടത്തിയ പരിശോധനയിൽ 101 സ്വകാര്യ ബസുകൾക്കെതിരെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
അവധി ദിവസങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് മുടക്കുന്നതായി ജനപ്രതിനിധികൾ ജില്ലാ വികസന സമിതിയിൽ ഉന്നയിച്ചിരുന്നു. കൊവിഡിനുശേഷം സ്വകാര്യ ബസ് സർവീസ് കുറഞ്ഞത് സംബന്ധിച്ച് 'കേരളകൗമുദി" കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു. തുടർന്നാണ് ഗതാഗത കമ്മിഷണറുടെ നിർദ്ദേശപ്രകാരം പരിശോധന നടത്തിയത്.
ഞായറാഴ്ച ജില്ലയിലാകെ എട്ട് സ്‌ക്വാഡുകൾ പരിശോധന നടത്തി. എറണാകുളം എൻഫോഴ്സ്‌മെന്റ് വിഭാഗത്തിൽ നിന്ന് ആറും മൂവാറ്റുപുഴ, എറണാകുളം ആർ.ടി.ഒമാരുടെ ഓരോ സ്‌ക്വാഡും പങ്കെടുത്തു.
വരുമാനം കുറഞ്ഞതോടെ ഉടമകൾ പെർമിറ്റ് റദ്ദാക്കിയതിനും ബസുകൾ വിറ്റതിനും പുറമേയാണ് സർവീസ് മുടക്കി യാത്രക്കാരെ വലയ്ക്കുന്നത്. ഓഫീസുകളും സ്‌കൂളുകളും പഴയതുപോലെ പ്രവർത്തിച്ചു തുടങ്ങിയതോടെ ബസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വീണ്ടും വർദ്ധിച്ചു. ഇതിനിടെയാണ് ഒരു റൂട്ടിൽ തന്നെ രണ്ടും മൂന്നും ബസുകൾ സർവീസ് നിറുത്തിയത്. ജനങ്ങൾ പലതവണ പരാതിപ്പെട്ടെങ്കിലും കാര്യമുണ്ടായിരുന്നില്ല.
''വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് 1,35,000 രൂപയാണ് പരിശോധനയിൽ പിഴ ഈടാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും""
ആർ.ടി.ഒ അധികൃതർ