ആലുവ: പൊലീസിനെ നാണംകെടുത്തി ജില്ലാ പൊലീസ് ആസ്ഥാനത്തിന് മുന്നിലെ കടയിൽ കവർച്ച നടത്തിയ മോഷ്ടാവിനെ 24 മണിക്കൂറിനകം പൊലീസ് വലയിലാക്കി. വെസ്റ്റ് ബംഗാൾ കാളിദാസ്‌പുരം സ്വദേശി തരുൺ സർദാറാണ് (35) ആലുവ പൊലീസിന്റെ പിടിയിലായത്.
ഞായറാഴ്ച്ച പുലർച്ചെ എസ്.പി ഓഫീസിന് എതിർവശത്തെ റെഡിമെയ്ഡ് ഷോറൂമിന്റെ ചില്ലുതകർത്ത് അകത്തുകടന്ന മോഷ്ടാവ് പ്രിന്റർ, വസ്ത്രങ്ങൾ, ബാഗ് എന്നിവ ഉൾപ്പെടെ രണ്ട് ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് കവർന്നത്. പൊലീസിന് നാണക്കേടുണ്ടാക്കിയ കവർച്ചയുടെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണത്തിന് പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചു. പ്രതിയുടെ ചുണങ്ങംവേലി പുഷ്പനഗർ കോളനിയിലെ വാടകവീട്ടിൽനിന്ന് മോഷണവസ്തുക്കൾ കണ്ടെടുത്തു. ഏഴുവർഷമായി കേരളത്തിലുള്ള ഇയാൾക്ക് ആലുവയിലും പരിസരത്തും കൂലിപ്പണിയാണ്.
ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, ഇൻസ്‌പെക്ടർ എൽ. അനിൽകുമാർ, എസ്.ഐ എം.എസ്. ഷെറി, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.