torass
കിടങ്ങൂർ കപ്പേള ജംഗ്ഷൻ ഭാഗത്ത് വൈദ്യുതി പോസ്റ്റിലേയ്ക്ക് മറിഞ്ഞ ടിപ്പർലോറി

അങ്കമാലി: അങ്കമാലി-മഞ്ഞപ്ര റോഡിൽ വാഹനാപകടങ്ങൾ ഒഴിയുന്നില്ല. റോഡ് വികസിപ്പിച്ചതോടെ അപകടവും കൂടി. പതിവായി അപകടം നടക്കുന്ന കിടങ്ങൂർ കപ്പേള ജംഗ്ഷൻ ഭാഗത്ത് ഇന്നലെ ടോറസ് അപകടത്തിൽപ്പെട്ടു. പാലക്കാടുനിന്ന് മഞ്ഞപ്ര കുഴിയംപാടത്തേയ്ക്ക് കരിങ്കൽ കയറ്റിവന്ന ടോറസാണ് അപകടത്തിൽ പെട്ടത്. നട്ടുച്ചയ്ക്കായിരുന്നു അപകടം. എതിരെവന്ന ബൈക്കിലിടിക്കാതിരിക്കാൻ റോഡരികിൽ ഒതുക്കി നിർത്തിയതാണ് ടോറസ്. റോഡിന്റെ വശം ഇടിഞ്ഞ് ലോറി വൈദ്യുതിപോസ്റ്റിലേയ്ക്ക് മറിഞ്ഞു. ടോറസിൽ ഉണ്ടായിരുന്നവർ തീപ്പൊരി കണ്ട് പുറത്തേക്കുചാടി രക്ഷപ്പെട്ടു. 11 കെ.വി.ലൈൻ വലിച്ചിരിക്കുന്ന പോസ്റ്റുകൾ ഒടിഞ്ഞു. ഈ ഭാഗത്ത് വൈദ്യുതി ബന്ധവും നിലച്ചു.

കിടങ്ങൂർ കപ്പേള ജംഗ്ഷൻ ഭാഗത്ത് റോഡിന് വീതി തീരെക്കുറവാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതോടെ റോഡിന് ഉയരം കൂടി. കാന ശാസ്ത്രീയമായി നിർമ്മിച്ചിട്ടുമില്ല. അതിനാൽ ഇരുചക്ര വാഹനങ്ങളും മറ്റും കാനയിൽ ചാടി അപകടത്തിൽപ്പെടുന്നത് പതിവാണ്. അധികാരികൾ സത്വരനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.