കൊച്ചി: ദക്ഷിണനാവിക ആസ്ഥാനത്തെ സഞ്ജീവനി ആശുപത്രിയിലെ ശൗചാലയത്തിൽ നാവിക ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിഗ്നൽസ് സ്കൂളിലെ ലെഫ്റ്റനന്റ് കമാൻഡറും ഒഡീഷ സ്വദേശിയുമായ സന്തോഷ്‌കുമാർ പാട്രോയുടെ (44) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. ഒരുമാസം മുമ്പ് സിഗ്നൽസ് സ്കൂളിൽവച്ച് സന്തോഷ് തലചുറ്റി വീണിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ആശുപത്രിയിൽ ചികിത്സ. ഇന്നലെ രാവിലെ ഫോണിൽ വിളിച്ചിട്ട് എടുക്കാതായതോടെ ഭാര്യ വിവരം ആശുപത്രി അധികൃതരെ അറിക്കുകയായിരുന്നു. ഇവർ നടത്തിയ അന്വേഷണത്തിലാണ് ശൗചാലയത്തിൽ പ്ലാസ്റ്റിക്ക് റോപ്പിൽ തൂങ്ങിയ നിലയിൽ കണ്ടത്. എറണാകുളം ഹാർബർ പൊലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടം നടത്തി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ദക്ഷിണനാവിക ആസ്ഥാനം ഉത്തരവിട്ടു.