മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആക്ഷേപിച്ച ശിവഗിരി മഠത്തിലെ സ്വാമി ജ്ഞാനതീർത്ഥയുടെ നടപടിയിൽ മൂവാറ്റുപുഴ യൂണിയൻ ശക്തമായി പ്രതിഷേധിച്ചു. ശിവഗിരിമഠവും യോഗവും തമ്മിലുള്ള ഐക്യത്തിൽ വിള്ളൽവീഴ്ത്താൻ ശ്രമിക്കുന്ന സ്വാമിക്കെതിരെ ശിവഗിരിമഠം ശക്തമായ നടപടി സ്വീകരിക്കണമെന്ന് മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണനും സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാറും ആവശ്യപ്പെട്ടു.

കേരളം ഒന്നാകെ പവിത്രമായി കാണുന്ന ശിവഗിരിമഠത്തെ അധിക്ഷേപിക്കുന്ന തരത്തിൽ സ്വാമി തരംതാഴരുതായിരുന്നു. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ശിവഗിരി മഠത്തിലെ യതിപൂജ നടത്തിയത് യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ മുൻകൈയെടുത്താണ്. 42 ദിവസം നീണ്ടുനിന്ന വലിയ ചടങ്ങായിരുന്ന യതിപൂജ മഠത്തിന് ചെയ്യുവാൻ സാധിക്കാതിരുന്ന സമയത്താണ് യോഗം ജനറൽ സെക്രട്ടറി അത് ചെയ്തതെന്ന് സ്വാമി കാണണമായിരുന്നു. യൂണിയൻ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് വി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ പ്രമേയം അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, യോഗം ഡയറക്ട‌ർ ബോർഡ് മെമ്പർമാരായ പ്രമോദ് കെ.തമ്പാൻ , അഡ്വ.എൻ. രമേശ്, യൂണിയൻ കൗൺസിലർമാരായ പി.ആർ. രാജു, എം.ആർ. നാരായണൻ, ടി.വി. മോഹനൻ, കെ.പി. അനിൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിഅംഗങ്ങളായ എം.എസ്. വിൽസൻ, എൻ.ആർ. ശ്രീനിവാസൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ആർ. സിനോജ്, സെക്രട്ടറി പി.എസ്. ശ്രീജിത്ത്, യൂണിയൻ വനിതാസംഘം പ്രസിഡന്റ് നിർമ്മല ചന്ദ്രൻ, സെക്രട്ടറി ഭാനുമതി ഗോപിനാഥ് എന്നിവർ സംസാരിച്ചു.