മൂവാറ്റുപുഴ: വാളകം പഞ്ചായത്തിലെ റാക്കാട് മേഖലയിൽ വീണ്ടും തെരുവുനായ ആക്രമണം. ഇന്നലെ രണ്ടുപേർക്കും വളർത്തുമൃഗങ്ങൾക്കും കടിയേറ്റു. കാരനാട്ട് കാവിനടുത്ത് താമസിക്കുന്ന ഓമനയ്ക്കാണ് (50) ഇന്നലെ രാവിലെ കടിയേറ്റത്. അവിടെ നിന്നോടിയ നായ പാണ്ടാലിൽ അജിയുടെ പശുക്കിടാവിനെയും കടിച്ചു. ശക്തിപുരം മങ്ങാട്ട് രമേശനും കടിയേറ്റു.
തിങ്കളാഴ്ച സന്ധ്യയോടെയാണ് നായയുടെ ആക്രമണം ആദ്യമുണ്ടായത്. വാളകം റാക്കാട് കരിപ്പാച്ചിറഭാഗത്ത് പുത്തൻപുരയിൽ പി.പി. ബിനുവിന്റെ മകൻ ആദിദേവ് (7), കുടക്കപ്പിള്ളിൽവീട്ടിൽ ജാനകി (60) എന്നിവർക്കാണ് കടിയേറ്റത്. കടാതി ശക്തിപുരം ഭാഗത്തുനിന്നെത്തിയ നായ രണ്ട് പശുക്കളെയും ഒരു വളത്തുനായയെയും കടിച്ചിരുന്നു. മറ്റ് പലരേയും നായ ആക്രമിക്കാൻ ശ്രമിച്ചു. അജിയുടെ രണ്ട് പശുക്കൾ, സഹോദരൻ രാജീവിന്റെ നായ എന്നിവയ്ക്കും കടിയേറ്റിട്ടുണ്ട്. തുടർന്ന് അപ്രത്യക്ഷമായ നായ വീണ്ടും ഇന്നലെ എത്തുകയായിരുന്നു. നായയെ തേടി നാട്ടുകാർ രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
തെരുവുനായ ആക്രമണമുണ്ടായ സ്ഥലങ്ങളിൽ തെരുവ് നായ്ക്കൾക്ക് പ്രതിരോധ കുത്തിവെയ്പ് നൽകിവരുന്നു. കുറച്ചുനാളായി തെരുവുനായശല്യം വാളകം പഞ്ചായത്തിൽ കൂടിവരികയാണ്. പലപ്പോഴും അശ്രദ്ധമായി അറവ് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും പൊതു വഴികളിൽ നിഷേപിക്കുന്നത് തെരുവുനായ ശല്യം വർദ്ധിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നു. തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ യുവാക്കളുടെ നേതൃത്വത്തിൽ ജാഗ്രതാസമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.