
സ്വാഭാവിക പരിണാമത്തിലൂടെ വന്ന പുതിയ അഞ്ചാം തലമുറ ആഗോള വയർലെസ് സ്റ്റാൻഡേർഡാണ് 5 ജി. ഒന്നാം തലമുറ നെറ്റ്‌വർക്ക് അനലോഗ് വോയ്സ് വിതരണം ചെയ്തപ്പോൾ 2 ജി, ഡിജിറ്റൽ ശബ്ദം അവതരിപ്പിച്ചു. മൊബൈൽ ഡാറ്റാ സേവനങ്ങളുമായി 3ജി വന്നപ്പോൾ 4ജി LTE മൊബൈൽ ബ്രോഡ്‌ബാൻഡ് യുഗത്തിന് തുടക്കമിടുകയാണ് ചെയ്തത്.
ഉപയോക്താക്കളെ മാത്രമല്ല, യന്ത്രങ്ങളും ഉപകരണങ്ങളും ഉൾപ്പെടെ എല്ലാറ്റിനെയും ഒരുമിപ്പിക്കുന്ന വിധത്തിലുള്ള രൂപകല്പനയാണ് 5ജി നെറ്റ്വർക്കിന്. ഉപയോക്താക്കളെ സംബന്ധിച്ച് നേരത്തേ ലഭ്യമായിരുന്നതിലും കൂടുതൽ കണക്ടിവിറ്റി, ഉയർന്ന ഡാറ്റാ സ്പീഡ്, അൾട്രാ ലോ ലേറ്റൻസി, കൂടുതൽ വിശ്വാസ്യത, ഉയർന്ന പ്രകടനം, മെച്ചപ്പെട്ട കാര്യക്ഷമത എന്നിവ 5ജി വാഗ്ദാനം ചെയ്യുന്നു.
അതിവേഗ
അനുഭവം
വരാനിരിക്കുന്ന നിരവധി മൊബൈൽ ആപ്ലിക്കേഷനുകൾ അമ്പരപ്പിക്കും വിധം ഈ രംഗം മാറ്റിമറിക്കാൻ പോവുകയാണ്. മെച്ചപ്പെടുത്തിയ മൊബൈൽ ബ്രോഡ്‌ബാൻഡ്, മിഷൻ- ക്രിട്ടിക്കൽ കമ്മ്യൂണിക്കേഷൻസ്, ഇന്റർനെറ്റ് ഒഫ് തിംഗ്സ് എന്നിവ ഉൾപ്പെടെ മൂന്ന് പ്രധാനതരം കണക്റ്റഡ് സേവനങ്ങളിൽ 5ജി ഉപയോഗിക്കുന്നുണ്ട്. വിശാലമായി പറഞ്ഞാൽ ഉയർന്ന ഡൗൺലോഡ് വേഗത, ഞൊടിയിടയിൽ കണക്ടിവിറ്റി, കോടിക്കണക്കിന് ഉപകരണങ്ങൾക്ക് കൂടുതൽ ശേഷിയും കണക്ടിവിറ്റിയും നൽകുന്നതുൾപ്പെടെ, മനുഷ്യജീവിതത്തെ മാറ്റിമറിക്കുന്ന വിവിധ കാര്യങ്ങൾ ഒരേസമയം നിർവഹിക്കത്തക്ക വിധത്തിലാണ് 5ജി രൂപകല്പന ചെയ്തിരിക്കുന്നത്.
വെർച്വൽ റിയാലിറ്റി (VR), ഓഗ്‌മെന്റഡ് റിയാലിറ്റി (AR), ഇന്റർനെറ്റ് ഒഫ് തിങ്സ് (IoT) എന്നിവ പോലുള്ള പുതിയ അനുഭവങ്ങൾ ലഭ്യമാക്കാൻ 5ജി മൊബൈൽ സാങ്കേതികവിദ്യയ്ക്കു കഴിയും. കൂടാതെ കൃത്രിമ ബുദ്ധി (ആർ
ട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉൾപ്പെടുത്തിയ ക്ലൗഡ് സേവനങ്ങളിലേക്കുള്ള തൽക്ഷണ ആക്‌സസ്, മൾട്ടിപ്ലെയർ ക്ലൗഡ് ഗെയിമിംഗ്, ഓഗ്‌മെന്റഡ് റിയാലിറ്റിയുള്ള ഷോപ്പിംഗ്, തത്സമയ വീഡിയോ വിവർത്തനവും സഹകരണവും എന്നിവയും മറ്റുമായി ഒട്ടനവധി പുതിയതും മെച്ചപ്പെട്ടതുമായ സേവനങ്ങൾ 5ജി അവതരിപ്പിക്കുന്നു.
വിനോദങ്ങളുടെ
വിസ്ഫോടനം
വീഡിയോ ട്രാഫിക്കിൽ സ്‌ഫോടനാത്മകമായ വളർച്ചയാണ് 5ജി-യിലൂടെ എത്തുക. മൊബൈൽ ഫോണുകൾ കൂടുതലായി മീഡിയയുടെയും വിനോദത്തിന്റെയും ഇടമായി മാറും. സദാ കണക്‌ടഡ് ആയിരിക്കുന്നതു വഴി ക്ലൗഡ് കമ്പ്യൂട്ടിംഗ് അനുഭവങ്ങൾ വേറെ. കുറഞ്ഞ ലേറ്റൻസി ലിങ്കുകൾ ഉപയോഗിച്ച് വ്യവസായങ്ങളെ പരിവർത്തനം ചെയ്യാൻ കഴിയുന്ന പുതിയ സേവനങ്ങളിലേക്കും ഇത് വഴിതുറക്കും.
സമ്പദ്‌വ്യവസ്ഥയിൽ പൂർണമായ 5ജി പ്രഭാവം എന്താകുമെന്ന് വരുംകാലം തെളിയിക്കേണ്ട കാര്യമാണ്. ഉയർന്ന ആവശ്യകതകൾ അടിസ്ഥാനമാക്കി 20 ജി.ബി.പി.എസ് വരെ പരമാവധി ഡാറ്റാ സ്പീഡ് നൽകാനും മില്ലിമീറ്റർ വേവ് പോലുള്ള പുതിയ സ്പെക്‌ട്രത്തിലേക്കു വികസിപ്പിച്ച് കൂടുതൽ നെറ്റ്‌വർക്ക് കപ്പാസിറ്റിക്കും വേണ്ടിയാണ് 5ജിയുടെ രൂപകല്പന. 4ജി LTE പോലെ, 5ജിയും ഓർത്തോഗണൽ ഫ്രീക്വൻസി ഡിവിഷൻ മൾട്ടിപ്ലക്‌സിംഗ് (OFDM) അധിഷ്ഠിതമാണ്. അതേ മൊബൈൽ നെറ്റ്‌വർക്കിംഗ് തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തനമെങ്കിലും 5ജിയുടെ സവിശേഷതയായ എൻആർ (ന്യൂ റേഡിയോ) എയർ ഇന്റർഫേസ്, ഉയർന്ന അളവിലുള്ള വഴക്കവും സ്കേലബിലിറ്റിയും നൽകും. വയർലെസ് മോഡത്തിലൂടെ 5ജിക്ക് ഹോം ഇന്റർനെറ്റ് സേവനങ്ങളെ മാറ്റിമറിക്കാനാകും.
5ജി ഫോണുകൾ ഇതിനകം തന്നെ ലഭ്യമാണെങ്കിലും വലിയ വിലകൊടുത്ത് ഇപ്പോൾ വാങ്ങുന്നതിനു പകരം കാത്തിരിക്കുന്നതാണ് നല്ലത്. 5ജി റോൾഔട്ട് ടൈംലൈൻ പുരോഗമിക്കുമ്പോൾ, 5ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഉപകരണങ്ങളും കൂടുതൽ പ്രചാരത്തിലാകും. മികച്ച സ്മാർട്ട്ഫോണുകളും കാരിയർ സബ്സ്ക്രിപ്ഷനുകളും ലഭ്യമാകും. 4 ജി സിം വഴി 5 ജി സേവനങ്ങൾ ലഭ്യമാകുമെങ്കിലും പൂർണതയ്ക്കായി 5ജി സിമ്മിലേക്ക് ഉപയോക്താക്കൾ മാറേണ്ടിവരും. 5ജി റേഡിയോ തരംഗങ്ങളുടെ പ്രത്യേകത മൂലം നിലവിലുള്ള വലിയ മൊബൈൽ ടവറുകൾ കൂടാതെ കവറേജിനായി വ്യാപകമായി ചെറിയ ടവറുകളും സ്ഥാപിക്കേണ്ടി വരും. 5G സേവനങ്ങൾക്ക് ഉയർന്ന നിരക്ക് നൽകേണ്ടി വരുമെന്നതും മറക്കരുത്.
വഴി തുറന്നത്
ദക്ഷിണ കൊറിയ
ഇന്ന് പത്തോളം രാജ്യങ്ങളിലെ 1200-ലധികം നഗരങ്ങളിൽ 5ജി സേവനം ലഭ്യമാണ്. ദക്ഷിണ കൊറിയയാണ് രാജ്യവ്യാപകമായി 5ജി നെറ്റ്‌വർക്ക് ആരംഭിക്കുകയും 5ജി സേവനങ്ങൾ വാണിജ്യവത്കരിക്കുകയും ചെയ്ത ആദ്യ രാജ്യം. 5ജി വികസിപ്പിക്കുന്നതിൽ കൊറിയൻ സർക്കാർ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 5ജി വിന്യാസവും വാണിജ്യവത്കരണവും എങ്ങനെ നടത്താം എന്നതിനെക്കുറിച്ചുള്ള വിശദമായ സമയപദ്ധതി അവർ രൂപീകരിച്ചു. കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ, അക്കാഡമികൾ എന്നിവയുടെ സഹകരണത്തിനും സൗകര്യമൊരുക്കി. 5ജി ഉപകരണങ്ങൾ, ആപ്ലിക്കേഷനുകൾ എന്നിവയുടെ ഗവേഷണത്തിന് ശക്തമായ പ്രോത്സാഹനമേകി. ഈ ചുവടുപിടിച്ചാണ് ഇന്ത്യയിൽ 4ജിയും 5ജിയും തദ്ദേശീയമായി വികസിപ്പിച്ചത്.
അടുത്ത വർഷം മാർച്ചോടെ ഇന്ത്യയിൽ സമ്പൂർണ 5ജി സേവനങ്ങൾ ലഭിക്കുമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കഴിഞ്ഞ വിവ ടെക്‌നോളജി ഇവന്റിൽ പറഞ്ഞിരുന്നു. സ്പെക്ട്രം ലേലം ജൂലായ് അവസാനത്തോടെ പൂർത്തിയാകും. ഡാറ്റാ പ്രൈവസി പ്രശ്നങ്ങൾ തരണം ചെയ്യാൻ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഉപകരണങ്ങളും സോഫ്ട് സ്റ്റാക്കുമാണ് 5ജിയിൽ ഉപയോഗിക്കാനിരിക്കുന്നത്.
(കൊച്ചി ശാസ്ത്ര- സാങ്കേതിക സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസർ ആണ് ലേഖകൻ. ഫോൺ: 94473 05879)