aster1
ഇഫെയ്‌നും പിതാവ് ആബിയയും ആസ്റ്റർ മെഡ്സിറ്റിയിലെ ഡോ. പരംവീർ സിംഗ്, ഡോ. സാജൻ കോശി എന്നിവർക്കൊപ്പം

കൊച്ചി: മൂന്നു വയസുകാരനായ മകൻ ഇഫെയ്ൻ ഇമ്മാനുവലിന്റെ ഹൃദയതാളം വീണ്ടെടുത്തതിന്റെ സന്തോഷത്തിലാണ് നൈജീരിയക്കാരൻ ആബിയയും ഭാര്യ തെരേസയും. ഒരു വയസുള്ളപ്പോഴാണ് ഇഫെയ്‌ന്റെ ശരീരത്തിൽ അസാധാരണമായ നിറവ്യത്യാസം കണ്ടത്. കുഞ്ഞിന് അപൂർവതരം ഹൃദ്രോഗമാണെന്ന് പരിശോധനയിൽ കണ്ടെത്തി. നൈജീരിയയിൽ ചികിത്സയ്ക്കുള്ള സൗകര്യങ്ങളില്ല. പഴയ വസ്ത്രങ്ങൾ ശേഖരിച്ച് വിറ്റ് ജീവിതമാർഗം കണ്ടെത്തിയിരുന്ന ദമ്പതികൾക്ക് ഭീമമായ ചികിത്സാച്ചെലവ് താങ്ങാവുമായിരുന്നില്ല.

ആബിയയുടെ സഹോദരിയാണ് ആസ്റ്ററിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അറിയുന്നതും ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പനെ ഈ മെയിൽവഴി ദുരവസ്ഥ അറിയിക്കുന്നതും. കുഞ്ഞുമായി ആസ്റ്റർ മെഡ് സിറ്റിയിലെത്തി.
പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ.പരംവീർ സിംഗ് പ്രാഥമിക പരിശോധന നടത്തി. പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. സാജൻ കോശിയുടെ നേതൃത്വത്തിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഹൃദയത്തിന്റെ വലത് അറയിൽനിന്ന് പുറത്തേയ്ക്ക് രക്തം ഒഴുകുന്നതിനുള്ള തടസം ഒഴിവാക്കി. കഴിഞ്ഞ ദിവസം ഇഫെയ്ൻ ആശുപത്രി വിട്ടു.