കൊച്ചി: വാഹനതിരക്കേറിയ എറണാകുളം എം.ജി റോഡിലെ ജോസ് ജംഗ്ഷനിലെ സിഗ്നലിൽ എത്തിയപ്പോൾ കാർ ബ്രേക്ക് ഡൗൺ ആയി ഡ്രൈവർ വിഷമിക്കുന്നത് കണ്ട് ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ജിജോ ആന്റണി കാറിന് സമീപത്തെത്തി ഡ്രൈവറോട് കാര്യം തിരക്കിയപ്പോൾ വണ്ടി സ്റ്റാർട്ടാവുന്നില്ല ഇനി എന്ത് ചെയ്യും എന്നായി ഒട്ടും മടിക്കാതെ സിഗ്നൽ വീണാൽ ഞാൻ തള്ളി മറുവശത്ത് എത്തിച്ച് തരാമെന്ന് പറഞ്ഞതോടെ ഡ്രൈവർക്ക് സമാധാനമായി. സിഗ്നൽ വീണതും ജിജോ ആന്റണി ഒറ്റയ്ക്ക് കാറ് തള്ളിമറുവശത്ത് എത്തിക്കുകയായിരുന്നു. തിരക്കേറിയ ഇവിടെ ഗതാഗതകുരുക്ക് അനുഭവപ്പെടാൻ അധികം നേരമൊന്നും വേണ്ട. കാറ് മറുവശത്ത് എത്തിച്ചശേഷം ജിജോ വീണ്ടും ജോലിയിൽ വ്യാപൃതനായി
ജോസ് ജംഗ്ഷനിൽ റെഡ് സിഗ്നലിൽ കുറച്ച് വാഹനങ്ങൾക്ക് പിന്നിൽ ബൈക്ക് നിർത്തി സിഗ്നൽ കാത്തുകിടക്കുമ്പോഴാണ് പെട്ടന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ മുന്നിൽ കിടക്കുന്ന കാറുകാരന്റെ സമീപത്തേക്ക് എത്തുന്നത് ഡ്രൈവറുമായി സംസാരിക്കുന്നതിൽനിന്ന് വണ്ടി ബ്രേക്ക് ഡൗൺ ആണെന്ന് മനസിലായി പതിയെ ബാഗിൽ നിന്ന് കാമറ എടുത്ത് പുറത്ത് വച്ചു സിഗ്നൽ വീണതും പൊലീസുകാരൻ കാറു തള്ളാൻ തുടങ്ങി ഞാൻ പതിയെ ബൈക്ക് വലതു സൈഡിലേക്ക് ഒതുക്കി നിന്ന് ചിത്രങ്ങൾ പകർത്തുകയായിരുന്നു. മറുവശത്തേക്ക് ഒറ്റക്ക് കാറു തള്ളി നീക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തി നൽകുന്ന സന്ദേശം സാധാരണക്കാരന്റെ മനസിൽ നൽകുന്ന സ്ഥാനം വലുതാണ്.