
ആലുവ: അങ്കണവാടി മുതൽ എസ്.എസ്.എൽ.സി വരെ ഒരെ ബെഞ്ചിലിരുന്ന് പഠിച്ച ഇരട്ട സഹോദരിമാർ ഹയർ സെക്കൻഡറിയിൽ ഇരുവഴി പിരിഞ്ഞെങ്കിലും എ പ്ളസ് നേട്ടത്തിൽ വീണ്ടും ഒരുമിച്ചു.
കടുങ്ങല്ലൂർ കണിയാംകുന്ന് സുഹാനാസിൽ സി.കെ.ബീരാന്റെയും കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാഹിന ബീരാന്റെയും മക്കളായ അഫ്രീൻ സുഹാനയും അംറീൻ സുഹാനയുമാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഇരുവരും ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാഥിനികളാണ്.
അഫ്രീൻ കൊമേഴ്‌സിലും അംറീൻ കമ്പ്യൂട്ടർ സയൻസിലുമാണ് ട്യൂഷൻ പോലുമില്ലാതെ മിന്നുംവിജയം കൊയ്‌തത്. പ്ലസ്‌വണ്ണിന് മുഴുവൻ മാർക്കും നേടി വിജയിച്ച അഫ്രീന് പ്ലസ്ടുവിന് ആറ് മാർക്ക് മാത്രം നഷ്ടമായി (99.5). അംറീൻ 97.80 ശതമാനം മാർക്ക് നേടി. എസ്.എസ്.എൽ.സി വരെ കടൂപ്പാടം ജ്യോതി നിവാസ് എച്ച്.എസ്.എസിലായിരുന്നു ഇരുവരും പഠിച്ചത്. പിതാവ് സി.കെ. ബീരാൻ പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റാണ്. മൂത്ത സഹോദരി ഹനാൻ സുഹാന എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയിരുന്നു. ഇപ്പോൾ സി.എക്ക് പഠിക്കുന്നു.