
മൂവാറ്റുപുഴ: നിർമ്മല കോളേജിൽ അന്താരാഷ്ട്ര യോഗ ദിനം അഘോഷിച്ചു. യു.ജി.സിയുടെയും ആയുഷ് മന്ത്രാലയത്തിന്റെയും പ്രോട്ടോകോൾ പ്രകാരമായിരുന്നു ആഘോഷം. ആവോലി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്കും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി കോളേജ് യോഗ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള സപ്തദിന യോഗാപരിശീലനത്തിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ഇതോടനുബന്ധിച്ച് നടന്നു.
യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും അനുദിന ജീവിതത്തിലെ യോഗയുടെ ആവശ്യത്തെക്കുറിച്ചും യോഗാചാര്യൻ പോൾ മഠത്തിക്കണ്ടം ബോധവത്കരണം നടത്തി. പ്രിൻസിപ്പൽ ഡോ.കെ.വി.തോമസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് ബർസാർ ഫാ.ജസ്റ്റിൻ കണ്ണാടൻ, ഡോ.ജോർജ്ജ് ജെയിംസ്, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ് സംസാരിച്ചു.
ആറൂർ മീങ്കുന്നം കാർമെൻ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ മ്യൂസിക്കൽ ഡേയും യോഗദിനവും ആചരിച്ചു. ആരക്കുഴ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലസിതമോഹൻ മ്യൂസിക്കൽ ഡേയും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജു ഓനട്ട് യോഗ ക്ലാസും ഉദ്ഘാടനം ചെയ്തു. കാർമെൻ വനിതാവേദി പ്രസിഡന്റ് എൽബി ജിബിൻ യോഗയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസെത്തു. വാർഡ് മെമ്പർ ജാൻസി മാത്യു, സി.ഡി.എസ് ചെയർപേഴ്സൺ അമ്പിളി വിജയൻ, സെക്രട്ടറി ടീന ബിബിഷ് എന്നിവർ സംസാരിച്ചു.