ആലുവ: പ്ളസ് ടു പരീക്ഷയിൽ ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിന് തിളങ്ങുന്ന വിജയം. പരീക്ഷയെഴുതിയ 167 പേരിൽ 41 എ പ്ളസുകാർ ഉൾപ്പെടെ 164 പേരും ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 98.2 ശതമാനം. 20 പേർക്ക് ഒരു വിഷയത്തിന് മാത്രമാണ് എ പ്ളസ് നഷ്ടമായത്.

40 ശതമാനത്തിലേറെ ഫിസിക്കലി ചാലഞ്ച്ഡ് വിഭാഗത്തിൽപ്പെട്ട മെഹറിൻ ഫാത്തിമയാണ് ഏറ്റവും കൂടുതൽ മാർക്കോടെ വിജയിച്ചത്. കൊമേഴ്സിൽ 1200ൽ 1193 മാർക്ക് നേടി മെഹറിൻ ഫാത്തിമ സ്കൂളിന്റെ അഭിമാനമായി. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എസ്.എൻ.ഡി.പി സ്കൂൾ വിദ്യാർത്ഥികൾ 100 ശതമാനം വിജയം നേടിയിരുന്നു; 13 പേർ എല്ലാ വിഷയത്തിനും എ പ്ളസും സ്വന്തമാക്കിയിരുന്നു.

ആലുവ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 93 ശതമാനം പേർ ഉപരിപഠന യോഗ്യത നേടി. പരീക്ഷയെഴുതിയ 328 പേരിൽ 305 പേർ വിജയിച്ചു. 37 പേർക്ക് എല്ലാ വിഷയത്തിനും എ പ്ളസുണ്ട്. ആലുവ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയം 86 ശതമാനം. പരീക്ഷയെഴുതിയ 166 പേരിൽ 143 പേർ വിജയിച്ചു. ഏഴ് പേർ എല്ലാ വിഷയത്തിനും എ പ്ളസ് നേടി. അഞ്ച് പേർക്ക് ഒരു വിഷയത്തിന് മാത്രം എ പ്ളസ് നഷ്ടമായി.

കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് 79 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 104 പേരിൽ 82 പേർ ഉപരിപഠനത്തിന് യോഗ്യരായി. രണ്ട് പേർക്ക് എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ചു. ആലുവ സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിന്റെ വിജയം 99 ശതമാനം. പരീക്ഷയെഴുതിയ 164 പേരിൽ 162 പേർ വിജയിച്ചു. 46 പേർക്കാണ് എല്ലാ വിഷയത്തിനും എ പ്ളസ്.