കൊച്ചി: ദേശീയപൈതൃകം കാത്തുസൂക്ഷിക്കാനും നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാനും സർക്കാർ തയ്യാറാകണമെന്ന് ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി ആവശ്യപ്പെട്ടു. പ്രവാചകനിന്ദ, ബുൾഡോസർ രാജ്, അഗ്‌നിപഥ് എന്നീ വിഷയങ്ങളിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി എറണാകുളം ഭാരതീയ റിസർവ് ബാങ്കിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകം ബഹുമാനിക്കുന്ന മഹദ്‌വ്യക്തികളെ നിന്ദിക്കുന്നവർ സ്വന്തം മനസിലെ വ്രണങ്ങളാണ് പുറത്തുകാണിക്കുന്നത്. ജനാധിപത്യത്തെയും മതേതരത്വത്തെയും സമുദായങ്ങളുടെ സഹവർത്തിത്വത്തെയും മാനിക്കുന്ന ആരും ഇത്തരം ഹീനമായ നടപടികളെ അംഗീകരിക്കുകയില്ല. ഇപ്പോൾ രൂക്ഷമാകുന്ന തൊഴിലില്ലായ്മ പരിഹരിക്കാൻ അഗ്‌നിപഥ് പദ്ധതി സഹായിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് കാടേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിൻ, സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽകളത്തിൽ, മുസ്ളിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹംസ പറക്കാട്ട്, ട്രഷറർ എൻ.കെ. നാസർ, വൈസ് പ്രസിഡന്റ് പി.കെ. ജലീൽ, സെക്രട്ടറി പി.എ. അഹമ്മദ് കബീർ, യൂത്ത് ലീഗ് ദേശീയ സമിതി അംഗം ഷിബു മീരാൻ തുടങ്ങിയവർ സംസാരിച്ചു.