തൃക്കാക്കര: അപകടകരമായ രീതിയിൽ വാഹനമോടിച്ച വെള്ളനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ ടി.ബി. ഷൺമുഖന്റെ ലൈസൻസ് പതിനഞ്ചു ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തതായി എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ അറിയിച്ചു. മോട്ടോർ വാഹന ലൈസൻസിംഗ് അതോറിറ്റിയുടേതാണ് നടപടി. ഏപ്രിൽ 28ന് രാത്രി 7.25നാണ് പരാതിക്കാധാരമായ സംഭവം.
തൃശൂർ - തിരുവനന്തപുരം വെള്ളനാട് കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് അപകടകാരിയായ രീതിയിൽ ഓടിക്കുകയും ആലുവ ഭാഗത്ത് നിന്ന് ചേർത്തലയിലേക്ക് പോകുന്ന വഴിയിൽ പുളിഞ്ചോട് ജംഗ്ഷനിൽ വച്ച് ചുവപ്പ് സിഗ്‌നൽ ഒഴിവാക്കാൻ ഇടതുവശത്തുളള സർവീസ് റോഡിലൂടെ കടന്ന് പുളിഞ്ചോട് ജംഗ്ഷനിൽനിന്ന് ആലുവ ടൗണിലേക്കുളള പോകുന്ന മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും തിരികെ നാഷണൽ ഹൈവേയിലേക്ക് പ്രവേശിക്കുകയുമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ റെഡ് ബാറ്റൺ കാണിച്ച് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. മുന്നോട്ട് കയറ്റിനിർത്തിയ വാഹനം പരിശോധിക്കുന്നതിനായി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ടി.ജി. നിഷാന്ത് വാഹനത്തിന് സമീപത്തേക്ക് നീങ്ങിയപ്പോൾ ബസ് മുന്നോട്ടെടുത്ത് പാഞ്ഞുപോകുകയായിരുന്നു.
പിന്നീട് മോട്ടോർ വാഹനവകുപ്പ് ബസിലെ കണ്ടക്ടറുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറോട് എറണാകുളം ആർ.ടി.ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടു. ബസിന്റെ എൻജിൻ തകരാറുകൊണ്ടാണ് താൻ ബസ് നിർത്താതിരുന്നതെന്നായിരുന്നു ഡ്രൈവറുടെ വിശദീകരണം. ഇതെല്ലാം പരിഗണിച്ചശേഷം സെപ്തംബർ ഒന്നുമുതൽ പതിനഞ്ചുദിവസത്തേക്ക് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു . എറണാകുളം ലീഗൽ സർവീസ് അതോറിറ്റിയും മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗവും സംയുക്തമായി നടത്തുന്ന റോഡ്സുരക്ഷാ ക്ലാസിലും പങ്കെടുക്കാനും നിർദേശം നൽകി.