
കൊച്ചി: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കുടിയിറക്കെപ്പെടുന്ന വ്യാപാരികൾക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയുടെ വിതരണം നിലച്ചതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി പ്രക്ഷോഭത്തിലേയ്ക്ക്. മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെയാണ് ദേശീയ പത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്നത്. വാടക കടമുറികൾക്ക് സർക്കാർ 75,000 രൂപ മാത്രമാണ് നഷ്ടപരിഹാരം നൽകുന്നത്. തുക മുൻകൂറായി നൽകാത്ത പക്ഷം കടകൾ ഒഴിഞ്ഞുകൊടുക്കില്ലെന്നും ദേശീയ പാത ഉപരോധിക്കുന്നതടക്കമുള്ള സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ എന്നിവർ പറഞ്ഞു.