കൊച്ചി: കോർപ്പറേഷനിലെ കുടിവെള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപെട്ട് കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് ഉൾപെടെയുള്ളവയുടെ പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ കുടഞ്ഞ് കൗൺസിൽ അംഗങ്ങൾ.
കോർപ്പറേഷന്റെ വരുമാനത്തിലെ ഏറിയ പങ്കും ടാങ്കറിൽ കുടിവെള്ളം വിതരണം ചെയ്യാനാണ് വിനിയോഗിക്കുന്നതെന്നും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം പല കുടിവെള്ള പദ്ധതികളും ഫലപ്രദമാകുന്നില്ലന്നും മേയർ അഡ്വ. അനിൽകുമാർ അടക്കമുള്ളവർ പറഞ്ഞു.
ഒരുവർഷം മൂന്നരകോടി രൂപവരെ ടാങ്കറിൽ കുടിവെള്ളവിതരണത്തിന് ചെലവഴിക്കുന്ന കോർപ്പറേഷൻ ഡിവിഷനുകൾ കൊച്ചിയിലുണ്ട്. വാങ്ങുന്ന ശമ്പളത്തോടെങ്കിലും ആത്മാർത്ഥത കാണിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്നുവരെ വിമർശനങ്ങൾ നീണ്ടു.
ഷിപ്പ് യാർഡിന്റെയും പോർട്ട് ട്രസ്റ്റിന്റെയും പിടിവാശിയിൽ മുടങ്ങിയ പൈപ്പിടൽ പോലും പൂർത്തിയാക്കാൻ വാട്ടർ അതോറിട്ടിക്ക് സാധിക്കുന്നില്ല. പല പദ്ധതികളിലും 40 ശതമാനം വെള്ളവും നഷ്ടപെടുന്ന സ്ഥിതിയാണുള്ളത്. അതേസമയം, പൈപ്പ്കളുടെ ഗുണനിലവാരം വർദ്ധിപ്പിക്കാനുള്ള പദ്ധതി പരിഗണനയിലുണ്ടന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 152.68കോടിരൂപയുടെ പദ്ധതികൾക്ക് ഇന്നലത്തെ കൗൺസിൽ അംഗീകാരം നൽകി. അമൃതുമായി ബന്ധപെട്ട് 116.113 കോടിരൂപയുടെ പദ്ധതിക്ക് നേരത്തെ അനുമതിനൽകിയതായി മേയർ അറിയിച്ചു. പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നതിനായി 68.79 കോടിരൂപയും അനുവദിച്ചിട്ടുണ്ട്.