accident-car
അപകടത്തിൽ തകർന്ന കാർ

നെടുമ്പാശേരി: ബന്ധുവിനെ യാത്രയാക്കാൻ വന്നവർ സഞ്ചരിച്ചിരുന്ന കാർ കൊച്ചി വിമാനത്താവളത്തിനുമുന്നിൽ മറിഞ്ഞ് യുവാവ് മരിച്ചു. ബന്ധുക്കളായ മൂന്നുപേർക്ക് പരിക്കേറ്റു. കോട്ടയം ചങ്ങനാശേരി പുഴവാത് കരിങ്ങടവീട്ടിൽ പരേതനായ ഷാജിയുടെ മകൻ അലൻ ആന്റണിയാണ് (28) മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ചങ്ങനാശേരി കരിങ്ങടവീട്ടിൽ ജഫ്രി തോമസ് (23), ആന്റണി തോമസ് (34), ചങ്ങനാശേരി ചെട്ടിക്കാട്ട് വീട്ടിൽ ഷെജി വർഗീസ് (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 5.30ഓടെയാണ് അപകടം.

കാർ നിയന്ത്രണം വിട്ട് ബാരിക്കേഡിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അലൻ കാറിൽനിന്ന് തെറിച്ചുപോയി. കാറിലുണ്ടായിരുന്ന നാലുപേരെയും ഉടൻ അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും അലനെ രക്ഷിക്കാനായില്ല. മറ്റുള്ളവരുടെ നില ഗുരുതരമല്ല. ജഫ്രിയെ വിദേശത്തേയ്ക്ക് യാത്രയാക്കാനെത്തിയതാണ് അലനും സംഘവും.

ഒരുവർഷംമുമ്പ് എ.സി റോഡിൽവച്ച് വാഹനമിടിച്ചാണ് അലന്റെ പിതാവ് ഷാജി മരിച്ചത്. മാതാവ്: ബിൻസി. മെഡിക്കൽ റപ്പായ അനലാണ് സഹോദരൻ.

വിമാനത്താവള റോഡിലെ അശാസ്ത്രീയമായ ഗതാഗത നിയന്ത്രണങ്ങളാണ് അപകടത്തിന് വഴിവച്ചതെന്ന് ആക്ഷേപമുണ്ട്.