
വലയിലായത് യൂട്യൂബിൽ മീൻപിടിത്തം പോസ്റ്റ്ചെയ്തപ്പോൾ
തൊടുപുഴ: ഭാര്യാമാതാവിനെ വീടുകയറി മർദ്ദിച്ചശേഷം മുങ്ങിയ യൂട്യൂബർ ആറ് വർഷത്തിനുശേഷം പിടിയിൽ. വഴിത്തല ഇരുട്ടുതോട് മൂഴിമലയിൽ അജേഷ് ജേക്കബാണ് (38) പിടിയിലായത്. 2016ലാണ് മർദ്ദിച്ച് കാൽ തല്ലിയൊടിച്ചത്. തുടർന്ന് ഒളിവിൽ പോയി. അടുത്തിടെ അജേഷ് തൊടുപുഴയിലെ പാടശേഖരങ്ങളിൽ നിന്നുള്ള മീൻപിടിത്തമെന്ന പേരിൽ യൂട്യൂബിൽ വീഡിയോകൾ ചെയ്തത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. വീഡിയോയിൽ പറയുന്ന സ്ഥലങ്ങൾ എറണാകുളത്തെ വിവിധ സ്ഥലങ്ങളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വീഡിയോ എടുക്കാൻ പ്രതിക്ക് സഹായം ചെയ്തിരുന്നയാളെയും കണ്ടെത്തി. ഇയാളിൽനിന്ന് പ്രതിയുടെ മൊബൈൽനമ്പർവാങ്ങി. മീൻപിടിത്തം ഷൂട്ട് ചെയ്യാൻ താത്പര്യമുള്ള സ്ത്രീയെന്ന വ്യാജേന ചാറ്റ് ചെയ്ത് ചിത്രീകരണ സ്ഥലത്തെത്തിച്ചാണ് പ്രതിയെ വലയിലാക്കിയത്.
തൊടുപുഴ സി.ഐ വി.സി. വിഷ്ണുകുമാർ, എസ്.ഐ ബൈജു പി. ബാബു, പ്രൊബേഷനറി എസ്.ഐ നിഖിൽ, സിവിൽ പൊലീസ് ഓഫീസർമാരായ സനീഷ് ടി.എ, രതീഷ് നാരായണൻ, ഗണേഷ്, ജിഷ, രാജേഷ് കെ.വി എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.