ആലുവ: എടത്തല ഗ്രാമപഞ്ചായത്തിലെ കോമ്പാറ കവലയുടെ നവീകരണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി. അൻവർ സാദത്ത് എം.എൽ.എ അറിയിച്ചതാണ് ഇക്കാര്യം. പദ്ധതിക്കായുള്ള അലൈൻമെന്റ് നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം സ്ഥലം ഏറ്റെടുക്കും. തുടർന്ന് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.

കോമ്പാറ നിവാസികളുടെ ഏറെകാലമായുള്ള ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്. ആലുവയിൽ നിന്നും എൻ.എ.ഡി വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെ നിത്യേന നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്. കോളേജുകൾ ഉൾപ്പെടെ നിരവധി വിദ്യാലയങ്ങളും ഇവിടെയുണ്ട്. കുപ്പിക്കഴുത്ത് ആകൃതിയിലുള്ള കോമ്പാറ കവലയിൽ ഗതാഗതകുരുക്ക് പതിവ് കാഴ്ച്ചയാണ്.