
കൊച്ചി: എളങ്കുന്നപ്പുഴയിലെ ബഡ്സ് സ്കൂളിന് പിയാനോ വാങ്ങാൻ അമേരിക്കയിലെ കാൻസാസ് സിറ്റി ബാഴ്സ്റ്റോ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ആരം സലാം (17) പുൽത്തകിടി വൃത്തിയാക്കിയും പഴയ കളിപ്പാട്ടങ്ങൾ വിറ്റും സമാഹരിച്ചത് 40,000 രൂപ. കാൻസാസ് സിറ്റിയിൽ സ്ഥിരതാമസക്കാരായ കാഞ്ഞിരപ്പള്ളി സ്വദേശി ഡോ. താജു സലാം മഠത്തിലിന്റെയും വൈപ്പിൻകര എടവനക്കാട് സ്വദേശി ഹഷ്നയുടേയും മകനാണ് ആരം. പിയാനോയും ടെന്നീസുമാണ് ഇഷ്‌ടവിനോദം.
ഒഴിവുദിവസങ്ങളിൽ അമേരിക്കയിലെ അൽഷിമേഴ്സ് പുനഃരധിവാസ കേന്ദ്രങ്ങളിൽ സാന്ത്വനസംഗീത പരിപാടി നടത്താറുണ്ട്. നാല് സഹപാഠികളുമായി ചേർന്ന് 'അൽഷിമേഴ്സ് അവയർനസ് ക്ലബ് ഒഫ് ബാഴ്സ്റ്റോ സ്‌കൂൾ" എന്നൊരു സംഘടനയും രൂപീകരിച്ചു. കൊവിഡിൽ ക്ലബിലെ സുഹൃത്തുക്കളുമായി ചേർന്ന് ഓൺലൈൻ സംഗീതപരിപാടി നടത്തി അഞ്ച് ലക്ഷംരൂപ സമാഹരിച്ച് വൈപ്പിൻകരയിൽ നൽകിയിരുന്നു.
കൊവിഡ് പോരാളികൾക്കും സഹായം
കൊവിഡ് മുന്നണിപ്പോരാളികൾക്ക് സാനിറ്റൈസർ, മാസ്‌ക്, ഗ്ലൗസ്, പി.പി.ഇ കിറ്റ് എന്നിവ വാങ്ങുന്നതിന് മുത്തശ്ശി കദീജ സക്കറിയ അദ്ധ്യക്ഷയായ ഇന്നർവീൽ ക്ലബ് ഒഫ് കൊച്ചി (റോട്ടറി വനിതവിഭാഗം) വഴിയും സഹായമെത്തിച്ചു. എടവനക്കാട് പഞ്ചായത്തിൽ മാനസിക വൈകല്യമുള്ള കുട്ടികളെ പരിചരിക്കുന്ന മഹാത്മ ബഡ്സ് സ്കൂൾ ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിനെക്കുറിച്ചും മുത്തശ്ശി വഴിയാണ് ആരം അറിഞ്ഞത്. കേട്ടപ്പോൾ മുതൽ അവർക്കൊരു പിയാനോ വാങ്ങണമെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് പഴയ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും വിറ്റത്. പണം തികയ്‌ക്കാൻ അയൽവീടുകളിലെ പുൽത്തകിടിയും വൃത്തിയാക്കി. അവധിക്കാലം ആഘോഷിക്കാൻ മാതാവിനൊപ്പം എടവനക്കാട്ടെ തറവാട്ടിലെത്തിയപ്പോൾ പിയാനോ വാങ്ങി നല്കി. അടുത്ത മാസം മടങ്ങും മുമ്പ് കുട്ടികളെ പിയാനോ പരിശീലിപ്പിക്കുന്ന തിരക്കിലാണ് ആരം. മലയാളം സംസാരിക്കാൻ അറിയില്ലെങ്കിലും ഇപ്പോൾ ബഡ്സ് സ്കൂളിലെ പ്രിയപ്പെട്ട മാഷാണ് ആരം.