മൂവാറ്റുപുഴ; കൊമേഴ്സ്യൽ കോംപ്ലക്സുകളുടെ വാടക മൂന്നിരട്ടി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമതിയുടെ നേതൃത്വത്തിൽ 27ന് രാവിലെ 10ന് മൂവാറ്റുപുഴ നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് സമിതി പ്രസിഡന്റ് സജീവ് നന്ദനവും സെക്രട്ടറി പി.എസ്. ഗോപകുമാറും അറിയിച്ചു. സമിതി സംസ്ഥാന കമ്മിറ്റി അംഗം എ.എസ്. ബലകൃഷ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്യും.

കൊവിഡും തുടർച്ചയായ സാമ്പത്തിക പ്രതിസന്ധിയും വ്യാപാരമേഖലയെ കടുത്ത പ്രതിസന്ധിയിലാണെത്തിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ കച്ചവടക്കാർക്ക് ഭീമമായ സാമ്പത്തിക ബാദ്ധ്യത അടിച്ചേല്പിക്കുന്ന തീരുമാനം നഗരസഭ പുനപരിശോധിക്കണം. ഒരു വർഷം പരമാവധി 8ശതമാനമോ മൂന്നു വർഷത്തിലൊരിക്കൽ പരമാവധി 20 ശതമാനമോ മാത്രമാണ് വാടക വർദ്ധിപ്പിക്കാൻ നിയമം അനുശാസിക്കുന്നത്. നഗരസഭാ മുറികളുടെ വാടക വർദ്ധിപ്പിച്ചാൽ സ്വകാര്യ കെട്ടിട ഉടമകളും വാടക ഉയർത്തും. നഗരസഭാ തീരുമാനം നഗരത്തിലെ എല്ലാവിഭാഗം കച്ചവടക്കാരേയും ബാധിക്കും. നഗരസഭാ ടൗൺഹാളിന്റേയും കമ്മ്യൂണിറ്റി ഹാളുകളുടേയും ഷീലോഡ്ജിന്റേയും അടക്കം എല്ലാ കെട്ടിടങ്ങളുടേയും വാ‌ടക ഭീമമായ തോതിലാണ് വർദ്ധിക്കാൻ പോകുന്നതെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി.