കോലഞ്ചേരി: കുന്നത്തുനാട്ടിലെ രണ്ട് പ്രധാന റോഡുകളുടെ ആധുനിക രീതിയിലെ നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചതായി അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു. മഴുവന്നൂർ പഞ്ചായത്തിലെ മണ്ണുർ- ഐരാപുരം റോഡിന് 5 കോടിയും കിഴക്കമ്പലം പഞ്ചായത്തിലെ താമരച്ചാൽ - മലയിടംതുരുത്ത് റോഡ് പുനർനിർമ്മിക്കുന്നതിന് 2.5 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. ബി.എം.ബി.സി നിലവാരത്തിലാകും റോഡുകളുടെ നിർമ്മാണം. റിഫ്ളകടറുകൾ, സൈൻബോർഡുകൾ, സീബ്രാലൈനുകൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ റോഡുകളിൽ ഒരുക്കും. സാങ്കേതിക അനുമതി ഉടൻ ലഭ്യമാകുമെന്നും വൈകാതെ നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.