
കൊടുങ്ങല്ലൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്താതെ ബന്ധുക്കൾക്ക് കൈമാറി. പിന്നീട് പൊലീസ് നിർദ്ദേശത്തെത്തുടർന്ന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. പെരിഞ്ഞനംവെസ്റ്റ് സ്വദേശി പുലാക്കൽവീട്ടിൽ രാധാകൃഷ്ണന്റെ മകൻ അഭിലാഷിന്റെ മൃതദേഹമാണ് പോസ്റ്റുമോർട്ടം നടത്തിയത്.
ഏപ്രിൽ മൂന്നിനാണ് വാടാനപ്പിള്ളി പൊക്കുളങ്ങരയിൽവച്ച് അഭിലാഷും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. രണ്ട് മാസത്തോളമായി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഭിലാഷ് ബുധനാഴ്ച രാവിലെയാണ് മരിച്ചത്.
തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയായിരുന്നു. മൃതദേഹം വീട്ടിൽ എത്തിച്ചതിനുശേഷം ബന്ധുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസിന്റെ നിർദ്ദേശപ്രകാരം മൃതദേഹം പോസ്റ്റുമോർട്ടം നടത്തി വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു.