മൂവാറ്റുപുഴ: പഞ്ചായത്ത് ഓഫീസിൽ ജീവനക്കാരനടക്കം നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റതോടെ പായിപ്ര പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷബഹളം. ചൊവ്വാഴ്ച രാവിലെയാണ് പഞ്ചായത്തിലെ ഓഫീസ് അസിസ്റ്റന്റിന് പരിക്കേറ്റത്. കഴിഞ്ഞദിവസം മറ്റൊരു ജീവനക്കാരിയേയും നായ അക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇവർ രക്ഷപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച ഓഫീസിൽ കയറിയ നായ്ക്കൾ ഓഫീസിൽ കുടുങ്ങിയതും വിനയായി. നായ്ക്കൾ ഓഫീസിന്റെ മുകളിൽ കയറിയത് അറിയാതെ ഓഫീസ് പൂട്ടി ജീവനക്കാർ പോയതോടെ നായ്ക്കൾ കുടുങ്ങുകയായിരുന്നു. രണ്ടാം ശനി, ഞായർ അവധി കഴിഞ്ഞ് തിങ്കളാഴ്ച ഓഫീസ് തുറന്നതോടെ നായ്ക്കൾ പുറത്തുചാടുകയായിരുന്നു. മൂന്നു ദിവസത്തോളം ഭക്ഷണം കിട്ടാതെ വലഞ്ഞനായ്ക്കൾ തമ്മിൽ
കടി പിടികൂടിയതിനെത്തുടർന്ന് ഓഫീസിന് മുകൾഭാഗത്ത് രക്തവും മറ്റു മാലിന്യങ്ങളുംകെട്ടിക്കിടക്കുകയായിരുന്നു. പുറമെനിന്നും ആളെ വിളിച്ചാണ് ഓഫീസ് ശുചീകരിച്ചത്.
ബുധനാഴ്ച ചേർന്ന കമ്മിറ്റിയിൽ ഇക്കാര്യങ്ങളല്ലാം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തിയത് ശബ്ദായമാനമായ രംഗങ്ങൾക്കാണ് വഴിവച്ചത്. ഒടുവിൽ ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടാക്കാമെന്ന ഭരണപക്ഷത്തിന്റ ഉറപ്പിനെത്തുടർന്നാണ് ബഹളം അവസാനിച്ചത്.
കഴിഞ്ഞ മൂന്നുമാസമായി പഞ്ചായത്തിൽ തെരുവുനായ് ശല്യം രൂക്ഷമായിട്ട്. പഞ്ചായത്തിൽ കരംഅടക്കാനെത്തിയവർക്കു നേരെയാണ് ആദ്യം തെരുവുനായയുടെ ആക്രമണമുണ്ടായത്. ഒരാൾക്ക് കടിയേറ്റിരുന്നു. നിരവധിപേരെ നായ ഓടിച്ചു. കുടുംബശ്രീയുടെ അടുക്കളയ്ക്കുസമീപം പ്രസവിച്ചുകിടന്ന നായയാണ് അക്രമാസക്തയായത്. ഈ നായയെ ഇവിടെ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും നടപടി ഉണ്ടായില്ല.