തൃക്കാക്കര: തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപത്തെ റവന്യൂ വകുപ്പ് സ്ഥലം മോട്ടോർ വാഹന വകുപ്പിന് നൽകിയതിനെതിരെ നഗരസഭാ കൗൺസിൽ രംഗത്ത്. സ്റ്റേഡിയം നവീകരണത്തിനായി സ്ഥലം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാനിരിക്കുന്നതിനിടെയാണ് സർക്കാരിന്റെ അപ്രതീക്ഷിത നീക്കണമെന്ന് വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി പറഞ്ഞു.

നഗരസഭയുടെ കീഴിലുള്ള ഏക സ്റ്റേഡിയമാണ് കാക്കനാട് ജിനോ ടുറിസ്റ്റ് ഹോമിന് സമീപത്തുളളത്. ഈ സ്ഥലം തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയത്തിനായി വിട്ടുനൽകണമെന്ന് സർക്കാരിനോട് നഗരസഭ കൗൺസിൽ ഒറ്റക്കെട്ടായി ആവശ്യപ്പെടാൻ തീരുമാനിച്ചു. നഗരസഭാ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോപ്ലക്സിന് വേണ്ടി കൈവശ ഭൂമി അളന്ന് തിട്ടപ്പെടുത്തി സ്വകെച്ച് തയ്യാറാക്കാൻ നഗരസഭയ്ക്ക് താത്കാലിക അനുമതി കളക്ടർ നൽകിയതായി ചെയർപേഴ്സൺ അജിത തങ്കപ്പൻ പറഞ്ഞു . ബസ്‌ സ്റ്റാന്റ് നിർമ്മാണത്തിന് ഊരാളുങ്കൽ സൊസെറ്റിയെ ഏൽപ്പിച്ചിട്ട് ഇതുവരെ ഡി.പി.ആർ തയ്യാറാക്കി നൽകാത്തത് മൂലം ഓപ്പൺ ടെൻഡർ വിളിച്ച് നിർമ്മാണം തുടങ്ങാൻ നഗരസഭ തീരുമാനിച്ചു.

തെരുവ് കച്ചവട സമിതി പുന:സംഘടന തീയതി കൗൺസിലിൽ തീരുമാനിക്കണമെന്ന പ്രതിപക്ഷ ആവശ്യം ഭരണപക്ഷം അംഗീകരിക്കാതിരുന്നതോടെ കൗൺസിലിൽ ബഹളമായി. തെരുവ് കച്ചവടക്കാരുടെ ലിസ്റ്റ് പുനപരിശോദിച്ച ശേഷം തിരഞ്ഞെടുപ്പ് തീയതി തീരുമാനിക്കാമെന്ന് പ്രതിപക്ഷ എതിർപ്പിനിടെ തീരുമാനിച്ചു.