പള്ളുരുത്തി: രാത്രികാലങ്ങളിൽ കുമ്പളങ്ങിയിലേക്കുള്ള ബസുകൾ സർവീസ് മുടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. എട്ടുമണി കഴിഞ്ഞാൽ പല ബസുകളും പെരുമ്പടപ്പിൽ ട്രിപ്പ് അവസാനിപ്പിച്ച് യാത്രക്കാരെ

ഇറക്കിവിടുന്ന സ്ഥിതിയാണ്. എട്ടുമണിക്ക് ശേഷം കുമ്പളങ്ങിയിലേക്ക് വരുന്ന ബസുകൾ തെക്കേ അറ്റത്തെ സ്റ്റാൻഡിലേക്ക് പോകാതെ പഴങ്ങാട് പെട്രോൾ പമ്പ് പരിസരത്തിട്ട് ബസ് തിരിക്കുന്ന സ്ഥിതിയുമുണ്ട്. ബസ് തിരിക്കാൻ പറ്റാത്തവിധം മറ്റു പ്രൈവറ്റ് ബസുകൾ സ്റ്റാൻഡിൽ അനധികൃത പാർക്കിംഗ് നടത്തുന്നെന്ന പരാതിയാണ് ഈ ബസ് ജീവനക്കാർക്കുള്ളത്. ഏഴ് മണി ആകുമ്പോൾ തന്നെ വിവിധ പ്രദേശത്തെ ബസുകൾ അന്യായമായി സ്റ്റാൻഡിൽ ഇടംപിടിക്കുന്ന സ്ഥിതിയാണുള്ളത്. അതിനാൽ പല ബസുകൾക്കും തെക്കോട്ടു വരാൻ മടിയാണ്. പ്രൈവറ്റു ബസുകൾ ഇത്തരത്തിൽ ട്രിപ്പ് പകുതിക്ക് അവസാനിപ്പിക്കുന്നതിനാൽ കുമ്പളങ്ങി തെക്കേ അറ്റത്തുള്ളവരും എഴുപുന്നയിലുള്ളവരും ദുരിതത്തിലാണ്. രാത്രിയിൽ സ്ത്രീകൾ ഉൾപ്പടെയുള്ളവർ വീട്ടിലെത്താൻ മറ്റു വാഹനത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കുമ്പളങ്ങി സൗത്ത് മേഖല കമ്മിറ്റി പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ട്രിപ്പ് മുടക്കുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മട്ടാഞ്ചേരി ജോയിന്റ് ആർ.ടി.ഒയ്ക്കും പരാതി നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. രാത്രിയായി കഴിഞ്ഞാൽ ഓട്ടോറിക്ഷക്കാർ കഴുത്തറുപ്പൻ കൂലിയാണ് ഈടാക്കുന്നതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.