കൊച്ചി: ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമികൾ കൈയേറ്റക്കാരുടെ കൈയിൽനിന്ന് തിരിച്ചുകിട്ടാൻ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൻ.സി.പി നാഷനലിസ്റ്റ് എസ്.സി, എസ്.ടി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രതാപൻ കുണ്ടറ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന് മുന്നോടിയായി ചിന്നക്കനാൽ, കാസർഗോഡ്, വയനാട്, അട്ടപ്പാടി മേഖലകളിൽ യോഗംചേർന്ന് പ്രക്ഷോഭപരിപാടികൾ ആസൂത്രണം ചെയ്യും.
വന-ആവാസ മേഖലയിലെ ഒരുകിലോമീറ്റർ ചുറ്റളവിൽ ബഫർസോണായി പ്രഖ്യാപിച്ച സുപ്രീം കോടതിവിധി അസ്ഥിരപ്പെടുത്തി ആദിവാസി സമൂഹത്തിന് കൃഷി ചെയ്യാനും വീടുകൾ നിർമ്മിക്കാനും കഴിയുന്നവിധത്തിൽ പരിഷ്‌കരിക്കണം. കേരളത്തിലെ എയ്ഡഡ് സ്‌കൂൾ നിയമനം പി.എസ്.സിക്ക് വിട്ട് പട്ടികജാതി-വർഗക്കാർക്ക് അർഹിക്കുന്ന സംവരണം നൽകണം. സർക്കാർ ഇതര ഡിപ്പാർട്ടുമെന്റുകളിലും കമ്പനികളിലും നിർബന്ധമായും എസ്.സി, എസ്.ടി വിഭാഗത്തിന് സ്‌പെഷൽ റിക്രൂട്ട്‌മെന്റ് നടപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വള്ളികുന്നം, സംസ്ഥാന സെക്രട്ടറി കെ.ബി. പ്രദീപ്, ജില്ലാ പ്രസിഡന്റ് അഡ്വ. ശാരിത ശിവൻ എന്നിവർ പങ്കെടുത്തു.