
കളമശേരി: ജനജീവിതത്തിനും ജീവനും ഭീഷണിയായി ഏലൂർ വ്യവസായ മേഖലയിൽ മാലിന്യക്കൂമ്പാരം. മൂക്കുപൊത്തിയാലും നടക്കാൻ പറ്റാത്ത അവസ്ഥയിലാണ് സതേൺ ഗ്യാസ് - എച്ച്.ഐ.എൽ റോഡിലെ യാത്ര.
കത്തുന്ന രാസ സംഭരണ പ്രദേശമായതിനാൽ മാലിന്യങ്ങൾ കത്തിക്കരുതെന്ന് എച്ച്.ഐ.എൽ കമ്പനി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് ബോർഡിന്റെ മുന്നിലും മാലിന്യം കുന്നു കൂടുകയാണ്.
റോഡിന്റെ ഒരു വശത്തായി ഏകദേശം 150 മീറ്റർ നീളത്തിൽ മാലിന്യങ്ങൾ കുന്നു കൂടിക്കഴിഞ്ഞു. ഐ.ആർ.ഇ, എച്ച്.ഐ.എൽ, ഫാക്ട്, ടി.സി.സി തുടങ്ങിയ കേന്ദ്ര- സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിക്ക് പോകുന്നവരുൾപ്പെടെ നിത്യേന സഞ്ചരിക്കുന്ന റോഡാണിത്. റോഡിന്റെ ഇരുവശവും രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന പ്രധാന വ്യവസായ ശാലകളാണ്.
മെഡിക്കൽ ഓക്സിജൻ നിർമ്മിക്കുന്ന സതേൺ ഗ്യാസ് കമ്പനിയുടെ മുന്നിലൂടെയാണ് റോഡ് പോകുന്നത്. എന്തെങ്കിലും കാരണവശാൽ മാലിന്യം കത്താനിടവന്നാൽ വൻ ദുരന്തം സംഭവിക്കുമെന്ന് നാട്ടുകാർ പറയുന്നു. നഗരസഭാ കാര്യാലയം സ്ഥിതി ചെയ്യുന്ന ഹെഡ്ക്വാർട്ടേഴ്സ് വാർഡിലെ റോഡാണിത്. നിരന്തരം പരാതി പറഞ്ഞിട്ടും അധികൃതർ കേട്ട ഭാവമില്ലന്ന് വാർഡ് കൗൺസിലർ കൃഷ്ണപ്രസാദ് പറഞ്ഞു.