പെരുമ്പാവൂർ: പഞ്ചായത്തിന്റെയും സർവെ വകുപ്പിന്റെയും അനാസ്ഥ മൂലം ചേരാനല്ലൂർ മുട്ടുച്ചിറ വികസനം വൈകുന്നു. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുന്ന ചിറയുടെ വികസനമാണ് മുടങ്ങിക്കിടക്കുന്നത്.
ഫണ്ട് ഉൾപ്പെടുത്തി പദ്ധതി മുന്നിൽവയ്ക്കാൻ സാധിക്കാത്തതാണ് തോട്ടുവ നമ്പിള്ളി റോഡിനോട് ചേർന്നുള്ള മുട്ടുച്ചിറയുടെ വികസനത്തിന് തടസം സൃഷ്ടിക്കുന്നത്.
ആറ് ഏക്കർ വിസ്തൃതിയുള്ള ചിറ അളക്കാൻ മൈനർ ഇറിഗേഷൻ വകുപ്പ് തുക അടച്ചിട്ട് ഏഴ് വർഷമായി. ആറ് റീച്ചുകളുള്ള ചിറയുടെ കിഴക്ക് തെക്ക് വശത്തായി നാല് റീച്ചുകൾ അളന്ന് കല്ലുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയതോടെ അളവ് മുടങ്ങി. ചിറ വികസനത്തിന് മൈനർ ഇറിഗേഷൻ എൻജിനീയർ പ്ലാൻ ആവശ്യപ്പെട്ടെങ്കിലും അവശേഷിക്കുന്ന ഭാഗം അളക്കാൻ ഇതുവരെ നടപടിയായിട്ടില്ല. നിരവധി ടൂറിസം സാധ്യതകളുള്ള മുട്ടുച്ചിറ ചെളി നീക്കി റിംഗ് റോഡോടു കൂടി നവീകരിച്ചാൽ തദ്ദേശീയരും വിദേശികളുമായ സഞ്ചാരികളെ ആകർഷിക്കാനാകും. വലിയ മത്സ്യസമ്പത്തുള്ള ചിറയിലേക്ക് ശുദ്ധജലമെത്താനും അധികജലം പുഴയിലേക്ക് ഒഴുകിപ്പോകാനും തോടുണ്ട്. ചിറയ്ക്ക് സമീപം വാഹനങ്ങൾ നിർത്തി വിശ്രമിക്കാറുള്ള റോഡ് അരികിൽ പഞ്ചായത്ത് വക വേസ്റ്റ് സംഭരണ കേന്ദ്രം സ്ഥാപിച്ചിരിക്കുകയാണ്. ബാംബു കോർപ്പറേഷൻ ഈറ്റ സംഭരണത്തിനായും റോഡ് അരികിനെ ഉപയോഗിക്കുന്നു. അതിനാൽത്തനെ ഈ ഭാഗത്തേക്ക് ജനങ്ങൾക്ക് അടുക്കാൻപോലും സാധിക്കുന്നില്ല. അഞ്ഞൂറിൽ പരം കുടുംബങ്ങളുടെ കിണറുകൾക്ക് ഉറവ ലഭിക്കുന്ന പ്രധാന ജലസ്രോതസ്സുകൂടിയാണ് മുട്ടുച്ചിറ. ചിറ അളക്കൽ പൂർത്തിയാക്കി വികസനം നടപ്പാക്കാൻ ഉടൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.