bjp-pkk
ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ 69-ാം ബലിദാനദിനാചരണത്തോടനുബന്ധിച്ച് പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ബി.ജെ.പി ദേശീയ നിർവാഹക സമിതിഅംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ശ്യാമപ്രസാദ് മുഖർജി ഉയർത്തിയ ആശയങ്ങൾ വിജയംവരിക്കുന്ന കാലമാണിതെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിഅംഗം പി.കെ. കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ 69-ാം ബലിദാനദിനാചരണത്തോടനുബന്ധിച്ച് പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാശ്മീർ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും രാജ്യത്ത് രണ്ട് നിയമം, രണ്ട് പ്രധാനമന്ത്രി, രണ്ട് പതാക അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് കാശ്മീരിലേക്ക് മാർച്ച് നടത്തിയ ശ്യാമപ്രസാദ് മുഖർജി കാശ്മീർ പൊലീസ് കസ്റ്റഡിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു. ഇതിന് പിന്നിലെ ശക്തികൾ തന്നെയാണ് പൗരത്വഭേദഗതി നിയമത്തിനെതിരായും ഇപ്പോൾ അഗ്നിപഥ് പദ്ധതിക്കെതിരായും കലാപം നടത്തുന്നത്.

രാജ്യത്തിനുവേണ്ടി സ്വജീവൻ ബലിയർപ്പിച്ച സ്വതന്ത്രഭാരതത്തിലെ ആദ്യ രാഷ്ട്രീയനേതാവായിരുന്നു ശ്യാമപ്രസാദ് മുഖർജിയെന്നും കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധൻ, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു, സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു, സംസ്ഥാന സമിതിഅംഗങ്ങളായ എൻ.പി. ശങ്കരൻകുട്ടി, അഡ്വ. സാബു വർഗീസ്, ജില്ലാ സെക്രട്ടറി ഇ.ടി. നടരാജൻ, വി.എം. ഉല്ലാസ്‌കുമാർ എന്നിവർ പ്രസംഗിച്ചു.