
മൂന്നാംപ്രതിക്ക് മുൻകൂർ ജാമ്യം
കൊച്ചി: മുഖ്യമന്ത്രിയെ ഫ്ളൈറ്റിനുള്ളിൽ ആക്രമിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ തലശേരി മട്ടന്നൂർ സ്വദേശി ഫർസീൻ മജീദ്, പട്ടന്നൂർ സ്വദേശി ആർ.കെ. നവീൻ എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ ഒളിവിലുള്ള മൂന്നാംപ്രതി പട്ടന്നൂർ സ്വദേശി സുജിത്ത് നാരായണന് മുൻകൂർ ജാമ്യവും അനുവദിച്ചു.
ജൂൺ 13ന് വൈകിട്ട് അഞ്ചിന് കണ്ണൂരിൽനിന്ന് തിരുവനന്തപുരം എയർപോർട്ടിലെത്തിയ ഇൻഡിഗോ വിമാനത്തിൽനിന്ന് മുഖ്യമന്ത്രിയടക്കമുള്ളവർ ഇറങ്ങാൻ തുടങ്ങുമ്പോൾ യാത്രക്കാരായി ഒപ്പമുണ്ടായിരുന്ന പ്രതികൾ മുദ്രാവാക്യം വിളിച്ചുകൊണ്ട് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് കേസ്.
മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഇ.പി. ജയരാജൻ തങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നും ഹർജിക്കാർ വാദിച്ചു. സംഭവത്തെത്തുടർന്ന് എയർപോർട്ട് മാനേജർ ആദ്യം വലിയതുറ പൊലീസിലേക്ക് നൽകിയ റിപ്പോർട്ടിൽ വിമാനത്തിനുള്ളിൽ വാഗ്വാദമുണ്ടായെന്ന് മാത്രമാണ് പറയുന്നത്. ഇതിൽ കൂട്ടിച്ചേർക്കൽ വരുത്തിയാണ് വധശ്രമക്കേസാക്കി മാറ്റിയതെന്നും പ്രതികൾ ആരോപിച്ചു.
മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയാണ് ഇവർ ഫ്ളൈറ്റ് യാത്ര നടത്തിയതെന്നും ഇതിന് തെളിവുകളുണ്ടെന്നും സർക്കാർ വാദിച്ചു. കണ്ണൂർ എയർപോർട്ടിലേക്ക് മൂന്നുപേരും ഒരുമിച്ചാണ് എത്തിയത്. ടിക്കറ്റ് ബുക്ക് ചെയ്തതും ഒരുമിച്ചാണ്. എന്നാൽ ഒന്നും രണ്ടും പ്രതികളെ കസ്റ്റഡിയിൽ ചോദ്യംചെയ്ത സാഹചര്യത്തിൽ ഇവർ കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നും മുൻകൂർ ജാമ്യാപേക്ഷ നൽകിയ സുജിത്തിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കി. പ്രതികൾ ആയുധങ്ങളുമായാണ് വന്നതെന്നോ വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നോ അന്വേഷണസംഘം പറയുന്നില്ലെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.
സുജിത്ത് ജൂൺ 28ന് രാവിലെ 10ന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണം. തുടർന്ന് ചോദ്യംചെയ്യാം. അടുത്തദിവസം വീണ്ടും ചോദ്യംചെയ്യേണ്ടതുണ്ടെങ്കിൽ ഹാജരാകാൻ നിർദ്ദേശിക്കണം. ചോദ്യംചെയ്യലിനുശേഷം അറസ്റ്റുചെയ്താൽ കോടതിയിൽ ഹാജരാക്കി 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥചെയ്ത് വിട്ടയയ്ക്കണം. ജയിലിൽ കഴിയുന്ന ഫർസീനും നവീനും 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യ ജാമ്യവ്യവസ്ഥ. പ്രതികൾ പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം, കുറ്റപത്രം നൽകുന്നതുവരെ കേസിന്റെ ആവശ്യത്തിനല്ലാതെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നിവയാണ് മറ്റ് വ്യവസ്ഥകൾ.