ആലുവ: മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരം, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെ രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് മെട്രോ റെയിലിന് അടിയിൽകൂടി കടന്നുപോകുന്ന കാന പുനർനിർമ്മിക്കാൻ തീരുമാനം. വെള്ളിയാഴ്ച്ച കാന നവീകരണം ആരംഭിക്കാൻ നഗരസഭ ഓഫിസിൽ ചേർന്ന സംയുക്ത യോഗം തീരുമാനിച്ചു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന മഴവെള്ളം മെട്രോ റെയിലിന്റെ അടിഭാഗത്തുള്ള കാനയിൽ കൂടിയാണ് പെരിയാറിലേക്ക് ഒഴുകുന്നത്. മെട്രോ നിർമ്മാണ വേളയിൽ കാന നവീകരിച്ചപ്പോൾ ഘടനയിലുണ്ടായ അപാകതകൾ മൂലം മഴവെള്ളം ഒഴുകുന്നതിന് തടസം നേരിടുകയാണ്. ഇതുമൂലമാണ് സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരം, കുന്നുംപുറം റോഡ്, ഗ്രാന്റ് ഹോട്ടൽ കവല എന്നിവിടങ്ങളിൽ റോഡിൽ മുട്ടോളം വെള്ളം ഉയരുന്നത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുന്നത് പതിവായി. ഇതിനെതുടർന്നാണ് കാന പുനർനിർമ്മാണ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. നഗരസഭക്ക് പുറമെ കൊച്ചി മെട്രോ, നാഷണൽ ഹൈവേ, പൊതുമരാമത്ത് വകുപ്പ് എന്നിവരുടെ കൂട്ടായ പ്രവർത്തനം വെള്ളക്കെട്ട് ഒഴിവാക്കാൻ അനിവാര്യമാണ്. അതിനാൽ ഇവരേയും മർച്ചന്റസ് അസോസിയേഷനേയും ഉൾപ്പെടുത്തിയാണ് യോഗം വിളിച്ചിരുന്നത്.

എന്നാൽ, കൊച്ചി മെട്രോ, പൊതുമരാമത്ത് വകുപ്പ് പ്രതിനിധികൾ മാത്രമാണ് യോഗത്തിന് എത്തിയത്. നഗരസഭ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, കെ.എം.ആർ.എൽ മാനേജർ (ഓപ്പറേഷൻസ്) കെ.കെ. ദിലീപ് കുമാർ, പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ ട്രീസ സെബാസ്റ്റ്യൻ, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.പി. സൈമൺ, അസി. എൻജിനീയർ പി.എസ്. സുരേഷ്‌കുമാർ എന്നവർ സംബന്ധിച്ചു.