cinima

മൂവാറ്റുപുഴ: പണ്ടുകാലത്ത് ഭാഷയുടെയും സാഹിത്യത്തിന്റെയും രുചി അറിയുന്നവരെയായിരുന്നു സംസ്‌കാരമുള്ളവരായി കണക്കാക്കിയിരുന്നതെന്നും എന്നാൽ സിനിമയുടെ രസന തിരിച്ചറിയാൻ കഴിവുള്ളവരാണ് സംസ്‌കാരമുള്ളവർ എന്നതാണ് പുതിയ കാഴ്ച്ചപ്പാടെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. തന്റെ സിനിമാജീവിതത്തിൽ 50 വർഷം പിന്നിട്ട അടൂർ ഗോപാലകൃഷ്ണൻ, നിർമല കോളേജും മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിന്റെ ഭാഗമായി അടൂർ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. യുവാക്കൾക്ക് യഥാർത്ഥ ചലച്ചിത്രാസ്വാദനശേഷി പകർന്നു നൽകുന്ന പരിപാടികൾ നിരന്തരം സംഘടിപ്പിക്കേണ്ടതുണ്ടെന്നും അടൂർ പറഞ്ഞു.

രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ചലച്ചിത്ര നിരൂപകൻ എ. മീരാ സാഹിബ് മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.വി.തോമസ് അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് പ്രകാശ് ശ്രീധർ, ബർസാർ ഫാ.ജസ്റ്റിൻ കണ്ണാടൻ, ഫാ.ഫ്രാൻസിസ് മൈക്കിൾ കോലോത്ത് എന്നിവർ സംസാരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് സമാപന സമ്മേളനത്തിൽ കോളേജ് മാനേജർ ഡോ. പയസ് മലേക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിക്കും. വിദ്യാർത്ഥികളും പൊതുജനങ്ങളുമായി അടൂർ ഗോപാലകൃഷ്ണൻ സംവദിക്കും. ഡോ. പി.ബി. സനീഷ്, ഡോ. മനു സ്‌കറിയ, സീമ ജോസഫ്, അഗസ്റ്റ്യൻ ബെന്നി, ഡോ. പി.ജെ.ജാസ്മിൻ മേരി , നീന തോമസ്, ലൗലി എബ്രഹാം, ഡോ. ശോഭിത ജോയി, അഞ്ജന ബിജു, മധു നീലകണ്ഠൻ, പി.എ. സമീർ, അഡ്വ ബി. അനിൽ, എൻ.വി. പീറ്റർ, എം .എസ് .ബാലൻ, കെ.ആർ. സുകുമാരൻ, സണ്ണി വർഗീസ്, ജയകുമാർ ചെങ്ങമനാട്, ജീവൻ ജേക്കബ്, ഇ.ഐ. ജോർജ് എന്നിവർ നേതൃത്വം നൽകും.