ആലുവ: കിടപ്പുരോഗികളുള്ള കുടുംബത്തിന്റെ പ്രയാസങ്ങൾ സമൂഹമൊന്നായി ഏറ്റെടുക്കണമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കളമശേരി നിയോജകമണ്ഡലത്തിലെ കിടപ്പ് രോഗീപരിചരണത്തിനായി കനിവ് പാലിയേറ്റീവ് കെയർ സംഘത്തിന്റെ രണ്ടാമത്തെ വാഹനം മുപ്പത്തടം മുതുകാട് ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി. ഒരു കിടപ്പ് രോഗിക്കുപോലും പരിചരണംകിട്ടാത്ത സ്ഥിതി ഉണ്ടാകരുത്. കൃത്യഇടവേളകളിൽ വാളന്റിയർമാർ രോഗികളുടെ വീട്ടിലെത്തണം. ആഴ്ചയിൽ നിശ്ചിതദിവസം ചെലവഴിക്കാൻ തയ്യാറുള്ളവരെ വാളണ്ടിയറായി പരിശീലിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി രാജീവ് മുൻകൈയെടുത്ത് ബി.പി.സി.എൽ കൊച്ചിൻ റിഫൈനറിയുടെ സഹായത്തോടെയാണ് വാഹനംവാങ്ങി നൽകിയത്. ഇത് ആഴ്ചയിൽ ഒരു ദിവസം അമ്പലമുകൾ ഭാഗത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. കനിവ് പാലിയേറ്റീവ് സംഘം പ്രസിഡന്റ് കെ.ബി. വർഗീസ് അദ്ധ്യക്ഷനായി.
ജില്ലാസെക്രട്ടറി എം.പി. ഉദയൻ, ബി.പി.സി.എൽ കൊച്ചിൻ റിഫൈനറി എക്‌സിക്യുട്ടീവ് ഡയറക്ടർ അജിത്കുമാർ, ഡോ. ജുനൈദ് റഹ്മാൻ, ഡോ. സജിത് ജോൺ, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ഡോ. വി.കെ. അബ്ദുൽ ജലീൽ, മുപ്പത്തടം സഹകരണസംഘം പ്രസിഡന്റ് വി.എം. ശശി, കെ.ജി. സെബാസ്റ്റ്യൻ, എസ്. ആന്റണി, സി.ജി. വേണുഗോപാൽ, ആർ. രാജലക്ഷ്മി, കനിവ് പാലിയേറ്റീവ് സംഘം സെക്രട്ടറി പി.എം. മുജീബ് റഹ്മാൻ, എൻ.ആർ. രാഗേഷ് എന്നിവർ സംസാരിച്ചു.