milk
കേരള ക്ഷീരകർഷകകോൺഗ്രസ് എറണാകുളം ഐ.എൻ.ടി.യു.സി ഭവനിൽ കൂടിയസംസ്ഥാന കമ്മിറ്റിയോഗം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വടക്കേവിള ശശി ഉദ്ഘാടനം ചെയ്യുന്നു. ടി.കെ.രമേശൻ, എ.എൽ.സക്കീർ ഹുസൈൻ തുടങ്ങിയവർ സമീപം

കൊച്ചി: ക്ഷീരമേഖല നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാൻ സംഘങ്ങളിൽ അളക്കുന്ന പാലിന് കുറഞ്ഞത് 45 രൂപയെങ്കിലും വില നൽകണമെന്ന് എറണാകുളം ഐ.എൻ.ടി.യു.സി ഭവനിൽ കൂടിയ കേരള ക്ഷീരകർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സർക്കാർ ക്ഷീരമേഖലയെ അവഗണിക്കുകയാണ്. ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന ക്ഷീരകർഷകർക്ക് ലിറ്ററിന് 35 രൂപയിൽ താഴെയാണ് വില ലഭിക്കുന്നത്. ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, കാലിത്തീറ്റയ്ക്ക് സബ്‌സിഡി ഏർപ്പെടുത്തുക, ക്ഷേമനിധിയിൽ അംഗങ്ങളായ ക്ഷീരകർഷകരെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വടക്കേവിള ശശി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി തൊടിയൂർ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഇൻ-ചാർജ് ടി.കെ. രമേശൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ജോയ് പ്രസാദ്, സി.കെ. രാജേന്ദ്രൻ, കടക്കുളം രാധാകൃഷ്ണൻ നായർ, ജില്ലാ പ്രസിഡന്റുമാരായ എം.ഒ. ദേവസ്യ, സലിംരാജ്, ജിതേഷ് ബലറാം, ഡോ.പി.കെ. വേണു, കെ. ഹരിദാസ്, കെ.കെ. ഹർഷകുമാർ, ബി. ശങ്കരനാരായണപിള്ള, എ.എൽ. സക്കീർ ഹുസൈൻ, ഒ.ബി. രാജേഷ്, കെ. ധർമ്മദാസ് എന്നിവർ പ്രസംഗിച്ചു.