നെടുമ്പാശേരി: കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറികൾ ശേഖരിക്കാൻ കുന്നുകര സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കാർഷിക വിപണി ആരംഭിച്ചു. ബാങ്കിന്റെ പരിധിയിലെ ഒമ്പത് വാർഡുകളിൽ കൃഷി ചെയ്യാൻ താത്പര്യമുള്ളവരുടെ 10 സ്വയം സഹായ ഗ്രൂപ്പുകൾ രൂപീകരിച്ചാണ് കാർഷിക വിപണി പ്രവർത്തനസജ്ജമാക്കിയത്.

സ്വയം സഹായ ഗ്രൂപ്പുകളിലെ 296 കർഷകർക്ക് ആവശ്യമായ വളവും പണിക്കൂലിയും മറ്റ് സഹായങ്ങളും കുന്നുകര സഹകരണ ബാങ്ക് നൽകും. മുഴുവൻ കർഷകർക്കും പരസ്പര ജാമ്യത്തിൽ വിളകളുടെ ഈടിന്റെ അടിസ്ഥാനത്തിൽ നാല് ശതമാനം പലിശ നിരക്കിൽ വായ്പ നൽകുകയും കാർഷികോത്പന്നങ്ങൾ ശേഖരിക്കുകയും ചെയ്യുന്ന തരത്തിലാണ് സ്വയം സഹായ സംഘങ്ങൾ പ്രവർത്തിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് മികച്ച വില ലഭിക്കുന്നതിന് കാർഷിക വിപണികൾ സഹായകരമാകുന്നുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം കാർഷിക വിപണി പ്രവർത്തിക്കും.

സ്വയം സഹായ ഗ്രൂപ്പുകളുടെ ജോയിന്റ് കൺവീനർ പി.കെ. കുഞ്ഞുമുഹമ്മദ് കാർഷിക വിപണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.എസ്. വേണു അദ്ധ്യക്ഷത വഹിച്ചു. പി.ടി. ജോസ്, എം.എസ്. സുധീർ, എസ്. ബിജു, പി.ജെ. പോൾ, എം.ആർ. ഹരിപ്രസാദ്, കെ.വി.ഹരിദാസ്, സതീഷ്, വി.എസ്. സുധീഷ്, പി.ജെ. വർഗീസ്, ബാങ്ക് സെക്രട്ടറി കെ.എസ്. ഷിയാസ് തുടങ്ങിയവർ സംസാരിച്ചു.