കോതമംഗലം: കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ അശാസ്ത്രീയ നിർമ്മാണം യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ബസുകളുടെ പാർക്കിംഗ് ഫീസിനത്തിൽ നഗരസഭയ്ക്ക് പ്രതിവർഷം പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും പ്രശ്നപരിഹാരത്തിന് അധികൃതർ തയാറാകുന്നില്ല.

ദിവസേന നിരവധി പ്രൈവറ്റ് ബസുകൾ സർവീസ് നടത്തുന്ന സ്റ്റാൻഡാണ് കോതമംഗലത്തേത്. ആയിരക്കണക്കിന് യാത്രക്കാരാണ് ഇവിടെ വന്നുപോകുന്നത്.

ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായി നിർമ്മിച്ച കക്കൂസ് ടാങ്കിന് സമീപത്തെ കുഴിയാണ് ബസുകൾക്കും യാത്രികർക്കും പ്രധാനമായും പ്രശ്നം സൃഷ്ടിക്കുന്നത്. ബസുകൾ ഈ കുഴിയിൽ ഇറങ്ങുമ്പോൾ യാത്രക്കാരുടെ ദേഹത്തേക്ക് മലിനജലം തെറിക്കുന്നത് പതിവാണ്. സ്റ്റാൻഡിലെ കോൺക്രീറ്റ് സ്ലാബിൽ നിന്നും രണ്ട് അടി ഉയരത്തിലാണ് കക്കൂസ് ടാങ്ക് നിർമ്മിച്ചിരിക്കുന്നത്. സ്റ്റാൻഡിലേക്ക് എത്തുന്ന ബസിന്റെ മുൻ ഭാഗവും പിൻഭാഗവും നിലത്ത് തട്ടുന്ന തരത്തിലാണ് സ്ലാബിന്റെ നിർമാണം. യാത്രക്കാരുടെ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അതല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും മോട്ടോർ സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി പറഞ്ഞു.