1

 അന്ത്യം ഷൂട്ടിംഗ് സൈറ്റിൽ കുഴഞ്ഞുവീണ്

വൈക്കം/ഫോർട്ടുകൊച്ചി: നിഷ്കളങ്കമായ ചിരിയിലൂടെ ജനഹൃദയങ്ങളിൽ ഇടംനേടിയ പ്രശസ്ത സിനിമാ, സീരിയൽ നടൻ ഫോർട്ടുകൊച്ചി കുന്നുംപുറം വൈ.എം.സി.എ റോഡിൽ വലിയകത്ത് വി.പി. ഖാലിദ് (74) ഷൂട്ടിംഗ് സൈറ്റിൽ കുഴഞ്ഞുവീണ് മരിച്ചു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനായ വൈക്കം മറവൻതുരുത്ത് പഞ്ഞിപ്പാലം അമ്പലക്കുഴിയിൽ ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു സംഭവം.

ഷൂട്ടിംഗിന്റെ ഇടവേളയിൽ ചായകുടിച്ച ശേഷം ടോയ്ലെറ്റിൽ കയറിയ ഖാലിദ് പുറത്തിറങ്ങാൻ വൈകി​യതി​നെത്തുടർന്ന് പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാറും ചീഫ് അസോസിയേറ്റ് സൈലക്സും അന്വേഷിച്ചെത്തിയപ്പോഴാണ് വീണുകിടക്കുന്നത് കണ്ടത്. ഉടനെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൃദയസംബന്ധമായ അസുഖത്തി​ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന ഖാലിദിന് അടുത്തദിവസം ശസ്ത്രക്രി​യ നടത്താനിരിക്കുകയായിരുന്നു.

പുതിയ ചിത്രത്തിൽ ചായക്കടക്കാരന്റെ വേഷമായി​രുന്നു. 'മറിമായം' പരമ്പരയി​ലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ ഖാലിദ്, ഡാൻസ്, മാജിക്ക്, മേക്കപ്പ്, നാടകം, സംവിധാനം, എഴുത്ത് തുടങ്ങിയ മേഖലകളിലും കഴിവ് തെളിയിച്ചി​ട്ടുണ്ട്.

ഒപ്പം അഭിനയിക്കുന്ന നടൻ ടൊവിനോ തോമസ്, അഭിനേതാക്കളായ ശ്രീജിത്ത് രവി, ഹരികൃഷ്ണൻ, ശ്രീകുമാർ ഉൾപ്പെടെയുള്ളവരും മറിമായം സംവിധായകൻ മിഥുൻ, അഭിനേതാക്കളായ മണികണ്ഠൻ പട്ടാമ്പി, സലിംഹസൻ, വിനോദ് കോവൂർ എന്നിവരും ആശുപത്രിയിലെത്തിയിരുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി വൈകിട്ട് 3.30ന് ബന്ധുക്കൾക്ക് കൈമാറി.

കബറടക്കം ഇന്ന് രാവി​ലെ 8ന് ഫോർട്ടുകൊച്ചി​ കൽവത്തി ജുമാ മസ്ജിദ് കബർസ്ഥാനിൽ.

ഭാര്യമാർ: സഫിയ, സൈനബ.

ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ, റഹ്മത്ത്, പരേതനായ ഷാജി ഖാലിദ് എന്നിവർ മക്കളാണ്. മരുമക്കൾ: റഷീദ്, റംലത്ത്, ജിഷ, അപൂർവാ നായർ.