നെടുമ്പാശേരി: പാറക്കടവ് സർവീസ് സഹകരണബാങ്ക് സംഘടിപ്പിക്കുന്ന 'ഞാറ്റുവേല സഹകരണ കാർഷികോത്സവം' നാളെ മുതൽ ആഗസ്റ്റ് 17വരെ വിവിധ പരിപാടികളോടെ പാറക്കടവിൽ നടക്കും. നാളെ വൈകിട്ട് അഞ്ചിന് മുൻമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് സി.എം. സാബു അദ്ധ്യക്ഷത വഹിക്കും. സഹകരണ അസി. രജിസ്ട്രാർ മനോജ് കെ. വിജയൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.വി. സൂസമ്മ, ബോർഡ് മെമ്പർ വി.എൻ. അജയകുമാർ, ടി.ഡി. വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് കരുമാലൂർ പൊലിക അവതരിപ്പിക്കുന്ന നാടൻപാട്ട് പെരുങ്കളിയാട്ടം നടക്കും. ഉദ്ഘാടനസമ്മേളനത്തിൽ പങ്കെടുക്കുന്നവരിൽനിന്ന് മൂന്നുപേർക്ക് യഥാക്രമം 1000, 500, 250 രൂപയുടെ തൈകൾ നൽകും.

നല്ലയിനം വൃക്ഷത്തൈകൾ ലഭ്യമാക്കുക എന്നതാണ് കാർഷികോത്സവത്തിന്റെ മുഖ്യലക്ഷ്യം. കാർഷിക സെമിനാർ, കർഷകരെ ആദരിക്കൽ, നാട്ടറിവുകൾ, പ്ലാവ് ഫെസ്റ്റ്, കലാപരിപാടികൾ തുടങ്ങിയ കാർഷികോത്സവത്തിന്റെ ഭാഗമായി നടക്കും.