മൂവാറ്റുപുഴ: തൃക്കളത്തൂർ സൊസൈറ്റിപ്പടിയിലെ വീട്ടിൽ മോഷണം. 25 പവൻ സ്വർണവും 25000 രൂപയും കവർന്നു. കല്പനമന്ദിരത്തിൽ വസന്തരാജിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഗൃഹ നാഥനും മറ്റും വീട്ടിലുണ്ടായിരുന്നെങ്കിലും പുലർച്ചെയാണ് വിവരം അറിഞ്ഞത്. അലമാരയിലും കിടക്കയുടെ അടിയിലും സൂക്ഷിച്ചിരുന്ന സ്വർണാഭരണവും പണവുമാണ് മോഷ്ടിച്ചത്.

രാവിലെ തന്നെ മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൂവാറ്റുപുഴ ഡിവൈ.എസ്.പി യുടെ നേതൃത്വത്തിലാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാർഡും സ്ഥലത്തെത്തി. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി കളും പരിശോധിച്ചുവരുന്നു. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതായി അറിയിച്ചു.

പായിപ്ര കവലയിൽ കോട്ടയം മെഡിക്കൽസ് എന്ന പേരിൽ ഇംഗ്ലീഷ് മരുന്നുകട നടത്തുന്ന വസന്തരാജ് രാവിലെ ക്ഷേത്രത്തിൽപോകുന്നതിനു മാല നോക്കിയപ്പോൾ കാണാതായതോടെയാണ് സംശയം തോന്നിയത്. തുടർന്ന് പരിശോധിച്ചപ്പോൾ അലമാരയും വാതിലും ഉൾപ്പെടെ തുറന്നു കിടന്ന നിലയിൽ കണ്ടെത്തി.

മരുമകളെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതിനാൽ വൈകിയാണ് വീട്ടിലെത്തിയതെന്നു വസന്തരാജ് പറഞ്ഞു. രണ്ടാമത്തെ മരുമകളും പിതാവും സഹോദരനും വീട്ടിലുണ്ടായിരുന്നു. എപ്പോഴാണ് മോഷണം നടത്തന്നതെന്നു വിവരമില്ല. സൊസൈറ്റിപ്പടിയിൽ നിന്നു നൂറുമീറ്റർ ദൂരെയാണ് മോഷണം നടന്ന ഇരു നിലവീട്.