തൃക്കാക്കര: നമ്പർ പ്ലേറ്റ് ഇല്ലാതെ കറങ്ങിനടന്ന ന്യൂജെൻ ബൈക്ക് മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ റേസിൽ പിടികൂടി. ചിത്രങ്ങളും വീഡിയോയും സഹിതം മോട്ടോർ വാഹന വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നുദിവസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബൈക്ക് പിടികൂടിയത്. മൂവാറ്റുപുഴ സ്വദേശിയായ 22കാരന്റേതായിരുന്നു ബൈക്ക്. വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്ത് നിയമനടപടികൾ തുടങ്ങി. വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തി പൊതുനിരത്തുകളിൽ മത്സര ഓട്ടം നടത്തി അപകടമുണ്ടാക്കുന്ന ഡ്രൈവർമാരെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് നടത്തുന്ന പരിശോധനയാണ് ഓപ്പറേഷൻ റേസ്. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പൊതുജനങ്ങൾക്കും പരാതിപ്പെടാനായി വാട്സ്ആപ്പ് നമ്പരുകൾ മോട്ടോർ വാഹന വകുപ്പ് പ്രസിദ്ധപ്പെടുത്തിയിരുന്നു. വരുംദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് പെരുമ്പാവൂർ ജോയിന്റ് ആർ.ടി.ഒ - എം.കെ.പ്രകാശ് പറഞ്ഞു.