df

 ജില്ലയിലെ ബീച്ചുകളിൽ സുരക്ഷ ശക്തമാക്കുന്നു

കൊച്ചി: മുങ്ങിമരണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ജില്ലയിലെ ബീച്ചുകളിൽ സുരക്ഷ ശക്തമാക്കാൻ ജില്ലാഭരണകൂടത്തിന്റെ തീരുമാനം. അതത് ബീച്ചുകളിൽ വാളിണ്ടിയേഴ്‌സായി പ്രവർത്തിക്കുന്നവർക്കും ലൈഫ് ഗാർഡുകൾക്കും സ്‌കൂബാ ഡൈവിംഗ് ഉൾപ്പെടെ പ്രത്യേക പരിശീലനം നൽകും. ബീച്ചുകളിൽ സഞ്ചാരികൾ കൂടുതലായി എത്തുന്ന ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക ജാഗ്രതപുലർത്തുന്നതിന് പൊലീസ് പട്രോളിംഗും, ലഹരി വസ്തുക്കളുടെ ദുരുപയോഗം തടയുന്നതിന് എക്സൈസ് പട്രോളിംഗും ഏർപ്പെടുത്തും.

ബീച്ചുകളിൽ അപകട സൂചനാ ബോർഡുകളും പൊലീസ് എയ്ഡ് പോസ്റ്റുകളും സ്ഥാപിക്കാനും തീരുമാനമായി. അംഗീകൃത ബീച്ചുകൾ കൂടാതെ മറ്റു ബീച്ചുകളിലും സുരക്ഷ ശക്തമാക്കുന്നതിനും പദ്ധതി ആവിഷ്‌ക്കരിക്കാനും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനെ ചുമതലപ്പെടുത്തി.

അടിയന്തരസാഹര്യം നേരിടുന്നതിന് ഫയർഫോഴ്‌സും കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും സജ്ജരായിരിക്കണം. അപകടത്തിൽപ്പെടുന്നവർക്ക് മെഡിക്കൽ സേവനം ഉറപ്പാക്കുന്നതിന് തീരമേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കും. ഇതിനായി, ആശുപത്രികളുടെ പട്ടിക തയ്യാറാക്കും. നിലവിലുള്ള ലൈഫ് ഗാർഡുകളെ വിവിധ ബീച്ചുകളിലായി പുനർവിന്യസിക്കാനും തീരുമാനമായി. കൂടുതൽ ലൈഫ് ഗാർഡുകളെയും ബീച്ചുകളിൽ അധികമായി നിയോഗിക്കും. ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങളായത്.