jubil

കോലഞ്ചേരി: കുത്തഴിഞ്ഞ പ്രവർത്തനം ആരോപിച്ച് വടവുകോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജിന്റെ പ്രതിഷേധം. മെഡിക്കൽ ഓഫീസറെ പുറത്തിറക്കാതെ

ഓഫീസിനു മുന്നിൽ കിടന്നാണ് വടവുകോട് ബ്ളോക്ക് അംഗമായ ജൂബിൾ ജോർജ് പ്രതിഷേധിച്ചത്.

ഇന്നലെ രാവിലെ 10.30 ഓടെയാണ് അപ്രതീക്ഷിത സമരം തുടങ്ങിയത്. പാലിയേറ്റീവ് കെയർ സംരക്ഷണയിലെ രോഗികൾക്ക് നാലുമാസമായി മരുന്നുകൾ നൽകിയില്ല, താത്കാലിക ജീവനക്കാർക്ക് ശമ്പളമില്ല, ആശുപത്രിയിലെ ആധുനിക ലാബിലെ പരിശോധനകൾ നിർത്തി, അഞ്ച് ഡോക്ടർമാരുള്ള ആശുപത്രിയിൽ മൂന്ന് പേർ സ്ഥിരമായി അവധിയിലാണ്, മെഡിക്കൽ ഓഫീസർ ഡെപ്യൂട്ടേഷനിൽ പോയെങ്കിലും പകരം സംവിധാനമില്ല തുടങ്ങിയ അവസ്ഥയിൽ ആശുപത്രിയുടെ പ്രവർത്തനം പാടെ താളം തെറ്റിയതോടെയാണ് പ്രത്യക്ഷ സമരം തുടങ്ങിയത്.നിരവധി ഇടപെടലുകൾ നടത്തിയിട്ടും ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം ശരിയായ നിലയിൽ എത്താത്തതിനാലാണ് പ്രത്യക്ഷ സമരത്തിന് തീരുമാനിച്ചതെന്ന് ജൂബിൾ പറഞ്ഞു. സമരത്തിന് പിന്തുണയുമായി പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശനും സി.പി.എം ഏരിയ സെക്രട്ടറി സി.കെ. വർഗീസ്, ലോക്കൽ സെക്രട്ടറി എം.എ. വേണു, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.എം. തങ്കച്ചൻ, പി.ടി. അജിത് ഉൾപ്പടെയുള്ള നേതാക്കളും പ്രവർത്തകരുമെത്തിയതോടെ സമരം ശക്തമായി. വിവരമറിഞ്ഞ് അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എയും സ്ഥലത്തെത്തി. ജില്ലയിലുണ്ടായിരുന്ന മന്ത്രി വീണ ജോർജിനെ എം.എൽ.എ ബന്ധപ്പെട്ടതോടെ ഡി.എം.ഒ വി.ജയശ്രീ, അസിസ്റ്റന്റ് ജൂനിയർ മെഡിക്കൽ ഓഫീസർ സിസി എന്നിവരോട് സ്ഥലത്തെത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദ്ദേശിച്ചു. എം.എൽ.എയും സി.പി.എം നേതാക്കളുമായി നടത്തിയ ചർച്ചയെ തുടന്ന് മെഡിക്കൽ ഓഫീസർ അടക്കം മൂന്ന് പേരെ സ്ഥലം മാറ്റുന്നതിന് ഹെൽത്ത് ഡയറക്ടർക്ക് ശുപാർശ നൽകാനും ജോലിക്ക് കൃത്യമായി എത്താത്ത ക്ളെറിക്കൽ ജീവനക്കാരനെ അടിയന്തരമായി സ്ഥലം മാറ്റാനും തീരുമാനമായി. അവശ്യ മരുന്നുകൾ ഓർഡർ നൽകാതെ കൃത്യവിലോപം കാണിച്ച ജീവനക്കാർക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടു.

തിരുവാണിയൂർ, പൂതൃക്ക, പുത്തൻകുരിശ് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് ആശ്രയിക്കുന്ന ഏക ആശുപത്രിയാണിത്. പ്രതിദിനം നൂറു കണക്കിന് പേർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിരുന്നു. കിടത്തി ചികിത്സ ലഭ്യമായിരുന്ന ആശുപത്രിയുടെ പ്രവർത്തനം ഏതാനും ജീവനക്കാരുടെ മർക്കടമുഷ്ടി മൂലമാണ് താളം തെറ്റിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനും സൗകര്യമുണ്ടായിരുന്നു. നാല് മാസങ്ങൾക്ക് മുമ്പ് സി.പി.എം പുത്തൻകുരിശ് ലോക്കൽ കമ്മിറ്റിയും ആശുപത്രി പ്രവർത്തനത്തിനെതിരെ സമരം ചെയ്തിരുന്നു.