കൊച്ചി: സി​നി​മാപ്രേമി​കൾക്ക് ആഹ്ളാദം പകരാൻ പുതിയ 30 ഓളം മൾട്ടിപ്ലക്സ് തിയേറ്ററുകളാണ് എറണാകുളം നഗരത്തി​ലും പരി​സരത്തുമായി​ ഒരുങ്ങുന്നത്. കൊവിഡ് തകർത്ത സിനിമാമേഖല പുനരുജ്ജീവനത്തിന്റെ പാതയിലേക്ക് എത്തിയതോടെ രാജകീയ പ്രൗഢിയിൽ ചെറുതിയേറ്ററുകളി​ലി​രുന്നും കി​ടന്നും വി​ഭവങ്ങൾ കഴി​ച്ചും സി​നി​മ കാണാം. വരും മാസങ്ങളിൽ ഇവ പ്രവ‌ർത്തനമാരംഭിക്കും. നി​ലവി​ൽ ലുലു, ഒബ്റോൺ​ മാളുകളി​ലായി​ 13ഉം ഷേണായീസി​ൽ അഞ്ചും സ്ക്രീനുകളാണുള്ളത്.

മരട് നഗരസഭ പരിധിയിൽ തുടങ്ങുന്ന ഒരു പുതിയ മാളിലാണ് ഒമ്പത് സ്‌ക്രീനുകളുള്ള പി​.വി​.ആറി​ന്റെ പുതിയ മൾട്ടിപ്ലക്‌സ്. പാലാരിവട്ടത്തിനും വൈറ്റിലയ്ക്കും ഇടയിൽ 15 നിലകളുള്ള മാളിൽ മറ്റൊരു മൾട്ടിപ്ലക്‌സ് വരും. സ്ക്രീനുകളുടെ എണ്ണം നി​ശ്ചയി​ച്ചി​ട്ടി​ല്ല. എം.ജി റോഡിലെ ഷോപ്പിംഗ് മാളിലെ 11 സ്‌ക്രീനുകളുള്ള സിനിപോളിസ് മൾട്ടിപ്ലക്‌സ് നവീകരണത്തിന് ശേഷം ഉടൻ തുറക്കും. വർഷങ്ങളായി​ ഇതി​ന്റെ അനുമതി​ കാക്കുകയായി​രുന്നു. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയുടെ കീഴിലാണ് മറ്റൊരു തിയേറ്റർ. കളമശ്ശേരിയിൽ മറ്റൊരു പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

25 മുതൽ 100 സീറ്റിംഗ് കപ്പാസിറ്റിയിലുള്ള തിയേറ്ററുകളാണിവ. ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും കുടുംബങ്ങൾ മൾട്ടിപ്ലക്‌സ് തിയേറ്ററുകൾക്കാണ് മുൻഗണന നൽകുന്നത്. മാളുകളുടെ വളർച്ചയാണ് മൾട്ടിപ്ലക്സ് തിയേറ്ററുകളുടെ സ്വീകാര്യത വർദ്ധിപ്പിച്ചത്. ഷോപ്പിംഗിന് എത്തുന്നവർ ചിത്രങ്ങൾകൂടി കണ്ടുപോകുന്നതാണ് പുതിയരീതി.

മറ്റ് ബിഗ് സ്‌ക്രീൻ തിയേറ്ററുകളിൽനിന്ന് വ്യത്യസ്തമായി ഷോപ്പിംഗ് മാളുകളിലെ മൾട്ടിപ്ലക്‌സുകൾക്ക് പ്രതിസന്ധി ഘട്ടങ്ങളിലും എളുപ്പത്തിൽ അതിജീവിക്കാൻ കഴിയും. നല്ല സൗകര്യങ്ങൾ ഒരുക്കിയാൽ ആളുകൾ തിയേറ്ററുകളിൽ എത്തും. നല്ല ഇരിപ്പിട ക്രമീകരണങ്ങളും നല്ല ഭക്ഷണവും സിനിമപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. നഗരത്തിൽ ഇനിയും കൂടുതൽ മൾട്ടിപ്ലക്‌സുകൾ വരുന്നുണ്ടെന്നാണ് സൂചന.

ഇപ്പോൾ ജില്ലയിലുള്ള എല്ലാ തീയേറ്ററുകളും മികച്ചവ തന്നെയാണ്. കൂടുതൽ തീയേറ്ററുകൾ വരുമ്പോൾ വരുമാനം അതിനനുസരിച്ച് കുറയും. എല്ലാ സ്ഥലങ്ങളിലും തീയേറ്റുകൾ ഉള്ളതിനാൽ എത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

വിജയകുമാർ

സംസ്ഥാനപ്രസിഡന്റ്

ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഒഫ് കേരള