മൂവാറ്റുപുഴ: വാളകം ഗ്രാമപഞ്ചായത്തിലെ റാക്കാട്, ശക്തി പുരം, കാരനാട്ട് കാവുംപടി, വാണുകുഴിത്താഴം, കരിപാച്ചിറ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം മനുഷ്യരെയും മൃഗങ്ങളെയും ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധയേറ്റതായി കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആളൊഴിഞ്ഞ പറമ്പിലാണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന്പേ വിഷ ബാധ ഉണ്ടോ എന്നറിയുന്നതിനായി മണ്ണുത്തി വെറ്റിനറി സർവ്വകലാശാലയിൽ പോസ്റ്റുമോർട്ടത്തിനായി അയച്ചിരുന്നു. ഇന്നലെയാണ് പേവിഷബാധ സ്ഥിരീകരിച്ച് പരിശോധനാ ഫലം എത്തിയത്. നാലു പേരെയും നാല് പട്ടികളെയും അഞ്ച് പശുക്കിടാങ്ങളെയും രണ്ട് ആടിനെയും പട്ടി കടിച്ചിരുന്നു. കടിയേറ്റ മൃഗങ്ങൾക്ക് രണ്ട് ഡോസ് പ്രതിരോധ മരുന്നുകൾ നൽകി. വാളകം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ നിരീക്ഷണത്തിലാണ്. കടിയേറ്റവർ മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇവർക്ക് കുത്തിവയ്പെടുത്തിട്ടുണ്ട്.