ആലുവ: ആലുവ നഗരസഭ 22 ാം വാർഡിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച ആലോചന സി.പി.എം സജീവമാക്കി. ഇന്ന് പുളിഞ്ചോട് ബ്രാഞ്ച് കമ്മിറ്റി യോഗവും പിന്നാലെ ആലുവ ടൗൺ ലോക്കൽ കമ്മിറ്റി യോഗവും വിളിച്ചിട്ടുണ്ടെന്ന് ലോക്കൽ സെക്രട്ടറി പോൾ വർഗീസ് പറഞ്ഞു.

ബ്രാഞ്ചിൽ നിന്ന് ലഭിക്കുന്ന അഭിപ്രായം കൂടി പരിഗണിച്ച് ഏരിയ നേതൃത്വത്തിന്റെ അനുമതിയോടെയാണ് സി.പി.എം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക. കഴിഞ്ഞ തവണ മത്സരിച്ച കവിത കൃഷ്ണൻ വീണ്ടും സി.പി.എം. സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ടൈലറിംഗ് സ്ഥാപനം നടത്തുന്ന കവിതയ്ക്ക് വാ‌ർഡിലെ വോട്ടർമാരുമായി അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥി ജെബി മേത്തറുടെ കുടുംബസ്വാധീനം അടക്കമുള്ള ഘടകങ്ങളാണ് കവിതയുടെ പരാജയകാരണമായതെന്നാണ് അവരെ സ്ഥാനാർത്ഥിയാക്കണമെന്ന് അഭിപ്രായപ്പെടുന്നവരുടെ നിലപാട്. ഇക്കുറി ജെബി മേത്തർ മത്സരത്തിനില്ലാത്ത സാഹചര്യത്തിൽ കവിതയിലൂടെ സീറ്റ് തിരിച്ചുപിടിക്കാമെന്നും സി.പി.എം കരുതുന്നു. 2005ൽ ഇവിടെ സി.പി.എമ്മിലെ തോമസ് ജോസഫ് അക്കാട്ട് കോൺഗ്രസ് സ്ഥാനാർത്ഥി പി.കെ. മുകുന്ദനെ ഒരു വോട്ടിന് തോൽപ്പിച്ചിരുന്നു. അതിന് മുമ്പ് നഗരസഭാ പ്രതിപക്ഷ നേതാവായിരുന്ന എൽ.ഡി.എഫിലെ ജോസ് മാത്യുവും ഈ വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

എന്നാൽ 2010ൽ 39 വോട്ടിനും 2015ൽ 148 വോട്ടിനും 2020ൽ 119 വോട്ടിനും ജെബി മേത്തറാണ് വിജയിച്ചത്. 2020ൽ ജെബി മേത്തർ 260 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി കവിത 141 വോട്ടും നേടി. സ്ഥാനാർത്ഥിയെ സംബന്ധിച്ച് കോൺഗ്രസ് ഔദ്യോഗിക ചർച്ചകൾ തുടങ്ങിയിട്ടില്ല.അടുത്ത ദിവസം ചർച്ച ആരംഭിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ഫാസിൽ ഹുസൈൻ പറഞ്ഞു. മുൻ നഗരസഭ ചെയർമാന്റെ മരുമകൾ കോൺഗ്രസിനായി മത്സരിക്കുമെന്നാണ് അനൗദ്യോഗിക വിവരം. ഉപതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇരുമുന്നണികളും കൂടുതൽ പേരെ വോട്ടർപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. ബി.ജെ.പിയും ഇക്കുറി സ്ഥാനാർത്ഥിയെ നിർത്തിയേക്കും.നഗരസഭാ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണപക്ഷമായ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിർണായമാണ്.