hlth

കൊച്ചി: ആരോഗ്യ മേഖലയിൽ സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള മെച്ചപ്പെട്ട പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ ഹെൽത്ത്‌ടെക് ഉച്ചകോടി- 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ആരോഗ്യ-സാങ്കേതിക- സ്റ്റാർട്ടപ്പ് മേഖലകൾ എന്നിവ സഹകരിച്ച് മുന്നോട്ടുപോകുന്നതിന് ആരോഗ്യവകുപ്പ് എല്ലാ മുൻകൈയും എടുക്കുമെന്നും എല്ലാവർഷവും ഇത്തരം ഉച്ചകോടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രാഗഡെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഡിജിറ്റൽ ഹെൽത്ത് മിഷൻ ഡയറക്ടർ മുഹമ്മദ് വൈ. സഫീറുള്ള, കാരിത്താസ് ആശുപത്രി ഡയറക്ടർ ഡോ. ബിനു കുന്നത്ത്, ഇന്ത്യ ആക്‌സിലറേറ്റർ മാനേജിംഗ് പാർട്ണർ ദീപക് നാഗ്പാൽ, സ്റ്റാർട്ടപ്പ് മിഷൻ ഡയറക്ടർ ജോൺ എം. തോമസ് തുടങ്ങിയവർ സംസാരിച്ചു.

റോബോട്ട് മുതൽ തദ്ദേശീയ സ്‌കാനിംഗ് മെഷീൻ വരെ

ആരോഗ്യ സാങ്കേതികമേഖലയിലെ പുത്തൻ പ്രവണതകളും നൂതനാശയങ്ങളും ചർച്ച ചെയ്യുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ, സംസ്ഥാന ആരോഗ്യവകുപ്പ്, കാരിത്താസ് ഹോസ്പിറ്റൽ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഹെൽത്ത്‌ടെക് ഉച്ചകോടിയിൽ നൂതനമായ നിരവധി ഹെൽത്ത്‌ടെക് ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിലെ 35 ഓളം വിദഗ്ദ്ധരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. കേരള ഐടി, ഇ-ഹെൽത്ത് കേരള, ടൈ മെഡ് എന്നിവയുടെ സഹകരണത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചത്. വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകളും പ്രഭാഷണങ്ങളും നടന്നു.