കോലഞ്ചേരി: മഴുവന്നൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് രോഗികളെ വലയ്ക്കുന്നു. നാല് ഡോക്ടർമാർ സേവനം നടത്തിയിരുന്ന ആശുപത്രിയിൽ ഇപ്പോൾ രണ്ടുപേരാണ് ഉള്ളത്. ഇതോടെ ഒരു മാസക്കാലമായി ഉച്ചകഴിഞ്ഞുള്ള പരിശോധന മുടങ്ങി. ഇത് പ്രായമായ രോഗികളെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
മെഡിക്കൽ ഓഫീസർ അവധിയിൽ പോയതും മറ്റൊരു ഡോക്ടറെ വർക്കിംഗ് അറേഞ്ച്‌മെന്റിന്റെ ഭാഗമായി വടവുകോട് ആശുപത്രിയിലേക്ക് മാറ്റിയതുമാണ് പ്രതിസന്ധിക്ക് കാരണം. നിലവിൽ
കൊവിഡ് വാക്സിനേഷൻ ചുമതലയുള്ള ഡോക്ടർ ആ ഡ്യൂട്ടി ഏറ്റെടുക്കുമ്പോൾ ഒരു ഡോക്ടർ മാത്രമാകും ഉണ്ടാവുക. ഇതും പ്രതിസന്ധി രൂക്ഷമാകുന്നതിന് കാരണമാകുന്നു. ഉടൻ ഡോക്ടർമാരെ നിയമിച്ചില്ലെങ്കിൽ ആശുപത്രിക്കു മുന്നിൽ സമരം ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് മഴുവന്നൂർ മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.